അനുമതിയില്ലാതെ ഭക്ഷ്യക്കിറ്റ് എന്ന ഹർജി കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ; മന്ത്രി കെടി ജലീലിന് എതിരായ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ്

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌തെന്ന മന്ത്രി കെടി ജലീലിന് എതിരായ കേസ് നിലനിൽക്കില്ലെന്ന് കോടതിയിൽ വിജിലൻസ്. ഹർജിക്കാരന്റെ ആരോപണങ്ങൾ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും ഹർജിയിൽ വാദം കേൾക്കവെ വിജിലൻസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

യുഎഇ കോൺസുലേറ്റ് വഴി നൽകിയ ഭക്ഷ്യകിറ്റ് മന്ത്രി കെടി ജലീൽ വിതരണം ചെയ്തത് സർക്കാരുകളുടെ അനുമതി തേടാതെയാണെന്നും ഇക്കാര്യത്തിൽ അഴിമതിയുണ്ടെന്നുമാണ് കൊല്ലം സ്വദേശിയായ പൊതു പ്രവർത്തകൻ ഉന്നയിച്ചിരുന്നത്. വിഷയത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു. കൺസ്യൂമർ ഫെഡിന്റെ സഹായത്തോടെയാണ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത്. അതിനാൽ കൺസ്യൂമർ ഫെഡ് അധികൃതർക്കെതിരെയും അന്വേഷണം വേണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ വിജിലൻസിനോട് സത്യവാങ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതോടെ നടന്ന വാദം കേൾക്കലിലാണ് കെടി ജലീലിനെതിരായ കേസ് നിലനിൽക്കുന്നതല്ലെന്ന് വിജിലൻസ് കോടതിയിൽ പറഞ്ഞത്. പരാതിക്കാരൻ ഹർജി നൽകിയിരിക്കുന്നത് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണെന്നും ആരോപണങ്ങളൊന്നും തന്നെ അഴിമതി നിരോധന വകുപ്പിന്റെ കീഴിൽ വരുന്നതല്ലെന്നുമാണ് വിജിലൻസിന് വേണ്ടി വാദിച്ച പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞത്. ഹർജി കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലായതിനാൽ പ്രോസിക്യൂഷന് അനുമതി നൽകാൻ സാധിക്കില്ല എന്നും പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.

എന്നാൽ ഗവർണറിൽ നിന്നും തനിക്ക് പ്രോസിക്യൂഷൻ അനുമതി വാങ്ങാൻ സാവകാശം തരണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. ഈ കേസ് അഴിമതി വിരുദ്ധ നിയമത്തിന് കീഴിൽ വരുന്നതാണോ എന്ന് അറിയാനായി കേസിൽ അടുത്ത മാസം 30ന് വാദം കേൾക്കും.

Exit mobile version