’20 രൂപയ്ക്ക് ഉച്ചയൂണ്’ വമ്പന്‍ ഹിറ്റ്, ദിവസവും ഭക്ഷണം കഴിക്കുന്നത് 80,000ത്തില്‍ അധികം പേര്‍, എട്ട് മാസത്തിനിടെ കുടുംബശ്രീ ആരംഭിച്ചത് 772 ഹോട്ടലുകള്‍, മികച്ച പ്രതികരണം

കൊച്ചി: എട്ടുമാസത്തിനിടെ 772 ജനകീയ ഹോട്ടലുകള്‍ ആരംഭിച്ച് കുടുംബശ്രീ. 1000 ജനകീയ ഹോട്ടല്‍ എന്ന സര്‍ക്കാര്‍ ആശയവുമായി മികച്ച മുന്നേറ്റം കാഴ്ചവെക്കുകയാണ് കുടുംബശ്രീ. കേരളത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യവുമായായിരുന്നു ജനകീയ ഹോട്ടല്‍ എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്.

20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന 1000 ജനകീയ ഹോട്ടല്‍ എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടുവച്ചത് ഫെബ്രുവരിയിലെ ബജറ്റിലാണ്. തുച്ചമായ വിലയില്‍ ഇതിനോടകം എഴുന്നൂറില്‍പ്പരം ഹോട്ടലുകള്‍ വഴി ഗുണനിലവാരമുള്ള ഭക്ഷണം നല്‍കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്.

ഡിസംബറോടെ 1000 ജനകീയ ഹോട്ടല്‍ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബശ്രീ അധികൃതര്‍ പറഞ്ഞു. ഇതിനോടകം പ്രവര്‍ത്തനമാരംഭിച്ച 722 ഹോട്ടലുകളില്‍ കൂടുതലും എറണാകുളത്താണ്. ഇവിടെ ആരംഭിക്കാനുദ്ദേശിച്ച 98ല്‍ 97 ഹോട്ടലുകളും തുറന്നു.

പാലക്കാട് 71, തിരുവനന്തപുരത്തും കൊല്ലത്തും 68 വീതം, കോഴിക്കോട് 67 എന്നിങ്ങനെ ഹോട്ടല്‍ തുറന്നു. 76 ഹോട്ടലുകള്‍ തുറക്കാനുദ്ദേശിക്കുന്ന ആലപ്പുഴയില്‍ 55 ഹോട്ടലുകള്‍ ആരംഭിച്ചു. കണ്ണൂര്‍ 63, തൃശൂര്‍ 62, മലപ്പുറം 56, കോട്ടയം 43, പത്തനംതിട്ട 41, ഇടുക്കി 32, കാസര്‍കോട് 29, വയനാട് 20 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ജനകീയ ഹോട്ടലുകളുടെ എണ്ണം.

ഈ ഹോട്ടലുകള്‍ പ്രവര്‍ത്തനം തുടങ്ങിയത് കോവിഡ് 19 വെല്ലുവിളിക്കിടയിലാണെങ്കിലും ദിവസേന ഏകദേശം 80,000 പേരാണ് ഇവിടെ നിന്നും 20 രൂപയുടെ ഉച്ചഭക്ഷണം കഴിക്കുന്നത്. കൂടാതെ കുടുംബശ്രീക്കായി. 5000ത്തോളം പേര്‍ക്ക് തൊഴിലും ഇതിലൂടെ ലഭിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയോജനത്തിലൂടെയാണ് ജനകീയ ഹോട്ടലുകളുടെ രൂപീകരണം. പ്രഭാതഭക്ഷണവും രാത്രി ഭക്ഷണവും ലഭ്യമാക്കുന്ന ജനകീയ ഹോട്ടലുകളായും ഇവ മാറുമെന്നും അധികൃതര്‍ പറയുന്നു. മികച്ച പ്രതികരണമാണ് ഇവിടുത്തെ ഭക്ഷണത്തെ കുറിച്ചും ജനങ്ങള്‍ അറിയിക്കുന്നത്.

Exit mobile version