വീട്ടമ്മയെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പ്രചാരണം; യുവാവിനെതിരെ കേസെടുത്ത് പോലീസ്; നാല് കേസുകളിൽ പ്രതിയായ അദീപ് റൗഡി ലിസ്റ്റിലേക്ക്

വീട്ടമ്മയെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്കിൽ സന്ദേശമിട്ട കേസിലെ പ്രതിയായ നാട്ടിക സ്വദേശി മുഹമ്മദ് അദീപ്

തൃശ്ശൂർ: വീട്ടമ്മയെ കുറിച്ച് അപകീർത്തികരമായി തുടർച്ചയായി നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത യുവാവിന് എതിരെ വലപ്പാട് പോലീസ് കേസെടുത്തു. സോഷ്യൽമീഡിയയിലൂടെ വ്യക്തിഹത്യ നടത്തിയതിനാണ് നാട്ടിക ജമാഅത്ത് പള്ളിയ്ക്കു സമീപം താമസിക്കുന്ന ഇളയേടത്തു വീട്ടിൽ ഉമ്മർഹാജിയുടെ മകൻ മുഹമ്മദ് അദീപിന് (36) എതിരെ പോലീസ് കേസെടുത്തത്.

വീട്ടമ്മയെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്കിൽ സന്ദേശമിട്ടെന്ന പരാതിപ്രകാരമാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമം 354(സ്ത്രീകളെ അപമാനിക്കുക), കേരള പൊലീസ് ആക്ട് പ്രകാരം സ്ത്രീകളെ മോശമായി ചിത്രീകരിക്കുക, നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
നവമാധ്യമത്തിലൂടെ അപമാനിച്ചെന്ന് കാട്ടി ഡിഐജി എസ്‌സുരേന്ദ്രന് വീട്ടമ്മ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി കേസെടുത്തത്.

നേരത്തെ, കേസിൽ വനിതാ പോലീസ് സംഘം വീട്ടമ്മയുടെ വീട്ടിൽ എത്തി മൊഴി
രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ, പ്രതിയെ വലപ്പാട് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തുടർനടപടികൾ സ്വീകരിച്ചു. പോലീസ് സ്റ്റേഷനിൽ പ്രതിയെ വീട്ടമ്മ തിരിച്ചറിഞ്ഞു. അഞ്ചു കേസുകളിലും സൈബർ തെളിവുകൾ സഹിതം പൊലീസ് കുറ്റപത്രം സമർപ്പിക്കും. കോവിഡ് കാലമായതിനാൽ ഏഴുവർഷം താഴെയുള്ള കുറ്റങ്ങൾക്ക് പോലീസ് അറസ്റ്റ് ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട്, ഈ കേസുകളിലും അറസ്റ്റ് നോട്ടീസ് മുഖേന പ്രതിയെ അറിയിച്ചു.
കോടതിയിൽ ഹാജരായി ജാമ്യമെടുക്കണം.

അതേസമയം, മുഹമ്മദ് അദീപിനെതിരെ വലപ്പാട് സ്റ്റേഷനിലും തൃശ്ശൂർ സൈബർ സെല്ലിലുമായി നാലുകേസുകൾ കൂടി പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനി ഒരു വർഷത്തിനുള്ളിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്താൽ സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് വലപ്പാട് പോലീസ് പറഞ്ഞു.നവമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയെന്നാണ് അഞ്ചു കേസുകളിലേയും കുറ്റം. നവമാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തിയെന്ന മറ്റൊരു പരാതിയിൽ മുഹമ്മദ് അദീപിന്റെ മൊബൈൽ ഫോൺ തെളിവായി തൃശ്ശൂർ സൈബർ സെൽ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോറൻസിക് വിദഗ്ധരെ കൊണ്ട് മൊബൈൽ ഫോൺ പരിശോധിച്ച് പോലീസ് റിപ്പോർട്ട് വാങ്ങിയിട്ടുണ്ട്.

നവമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചെന്ന പരാതികളിൽ കർശന നടപടി വേണമെന്ന് ആഭ്യന്തരവകുപ്പിന്റെ തലപ്പത്തു നിന്നുള്ള നിർദ്ദേശം. ഇത്തരം പരാതികളിൽ തുടർനടപടി വേഗത്തിലാക്കാനും ഉന്നതതല നിർദേശമുണ്ട്.

Exit mobile version