’22 ലക്ഷം രൂപയുടെ സവാള ലോഡുമായി പുറപ്പെട്ട ലോറി കാണാനില്ല’; പരാതിയുമായി കൊച്ചിയിലെ മൊത്തവ്യാപാരി

കൊച്ചി: 22 ലക്ഷം രൂപയുടെ സവാള ലോഡുമായി പുറപ്പെട്ട ലോറി കാണാനില്ല എന്ന പരാതിയുമായി കൊച്ചിയിലെ മൊത്ത വ്യാപാരി. അലി മുഹമ്മദ് സിയാദെന്ന വ്യാപാരിയാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍നിന്ന് കഴിഞ്ഞ ഞായറാഴ്ച്ച കയറ്റിവിട്ട ഇരുപത്തിയഞ്ച് ടണ്‍ സവാളയാണ് നഷ്ടപ്പെട്ടത്. ലോറി ഡ്രൈവറുടെ നമ്പറില്‍ ബന്ധപ്പെട്ടിട്ടും മറുപടി കിട്ടിയില്ല എന്നാണ് പരാതിയില്‍ പറയുന്നത്. ലോഡ് മറിച്ച് വില്‍പന നടത്തി ഫോണെടുക്കാതെ ഡ്രൈവര്‍ മുങ്ങിയതാണെന്ന സംശയത്തിലാണ് വ്യാപാരി. 25ന് അഹമ്മദ് നഗര്‍ ജില്ലയിലെ മഹാരാഷ്ട്ര കൃഷി ഉത്പ്പന്ന സമിതിയുടെ മൊത്ത വിതരണ ചന്തയില്‍ നിന്നു കയറ്റിവിട്ട 25 ടണ്‍ സവാള അടങ്ങുന്ന ലോറിയാണ് ആറു ദിവസം പിന്നിട്ടിട്ടും കൊച്ചിയിലെത്താത്തത്. കുറഞ്ഞത് നാല് ദിവസത്തിനുള്ളില്‍ ലോഡുമായി വാഹനം കൊച്ചിയിലെത്തേണ്ടതാണ്. എന്നാല്‍ അത് കഴിഞ്ഞിട്ടും എത്താതായതോടെയാണ് വ്യാപാരി പോലീസില്‍ പരാതി നല്‍കിയത്.

ഡ്രൈവര്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് വ്യാപാരി അഹമ്മദ് നഗറിലെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയുമായി ബന്ധപ്പെട്ടു. എന്നാല്‍ അവിടെ നിന്നു ലോഡ് കൃത്യമായി കയറ്റിവിട്ടിട്ടുണ്ടെന്നാണ് ലഭിച്ച മറുപടി. അവരുടെ ഓഫീസിന് മുന്നില്‍ ലോഡിന് വേണ്ടി കാത്ത് നില്‍ക്കുന്ന ലോറിയുടെയും ഡ്രൈവറുടെയും സിസിടിവി ദൃശ്യങ്ങള്‍ പരാതിക്കാരനായ വ്യാപാരിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version