കലോത്സവത്തില്‍ ദീപാ നിശാന്തിനെ മാറ്റി നിര്‍ത്തണമായിരുന്നു; മൂല്യ നിര്‍ണയം വീണ്ടും നടത്തണമെന്ന് എസ്എഫ്‌ഐ

സംഭവം വിവാദമായതോടെ വിധി നിര്‍ണ്ണയസമിതിയില്‍ നിന്ന് ദീപാനിശാന്തിനെ മാറ്റി നിര്‍ത്തണമായിരുന്നെന്ന് എസ്എഫ്‌ഐ

കൊച്ചി : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉപന്യാസ രചനാ മത്സരത്തിന്റെ വിധികര്‍ത്താവായി ദീപ നിശാന്ത് എത്തിയ സംഭവത്തില്‍ വിവാദം കെട്ടടങ്ങുന്നില്ല. മത്സരത്തിന്റെ മൂല്യനിര്‍ണയം വീണ്ടും നടത്തണമെന്ന ആവശ്യവുമായി എസ്എഫ്‌ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത്.

സംഭവം വിവാദമായതോടെ വിധി നിര്‍ണ്ണയസമിതിയില്‍ നിന്ന് ദീപാനിശാന്തിനെ മാറ്റി നിര്‍ത്തണമായിരുന്നെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പറഞ്ഞു. മറ്റ് ആളുകളെ കൊണ്ട് വിധി നിര്‍ണ്ണയം നടത്തിക്കണമെന്നതാണ് എസ്എഫ്‌ഐയുടെ നിലപാട് എന്നും സച്ചിന്‍ അറിയിച്ചു.

ദീപാ നിശാന്തിന്റെ കവിതാ മോഷണത്തെ എസ്എഫ്‌ഐ ന്യായീകരിക്കുന്നില്ല. ജൂറി പാനല്‍ നേരത്തെ തയ്യാറാക്കിയത് കൊണ്ടാവാം വിധി നിര്‍ണായക സമിതിയില്‍ ദീപാ നിശാന്ത് ഉള്‍പ്പെട്ടത്. കവിത മോഷണം നടത്തിയെന്ന പേരില്‍ എല്ലായിടത്തും ദീപാ നിശാന്തിന് അയിത്തം കല്‍പ്പിക്കണമെന്ന നിലപാട് എസ്എഫ്‌ഐക്കില്ലെന്നും സച്ചിന്‍ വ്യക്തമാക്കി.

Exit mobile version