സംസ്ഥാനത്ത് ആറുമാസത്തിനിടെ പിടികൂടിയത് 600 കോടിയുടെ ലഹരിവസ്തുക്കള്‍

പിടികൂടുന്നതിന്റെ എത്രയോ ഇരട്ടി ലഹരി ഇടപാടും ഉപയോഗവും സംസ്ഥാനത്ത് നടക്കുന്നുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്.

കൊച്ചി: സംസ്ഥാനത്ത് ആറുമാസത്തിനിടെ പിടികൂടിയത് 600 കോടിയുടെ ലഹരിവസ്തുക്കള്‍. ദിവസം മൂന്നുകോടിയിലേറെ രൂപയുടെ ലഹരിവസ്തുക്കള്‍ എക്‌സൈസ് പിടികൂടുന്നു. പിടികൂടുന്നതിന്റെ എത്രയോ ഇരട്ടി ലഹരി ഇടപാടും ഉപയോഗവും സംസ്ഥാനത്ത് നടക്കുന്നുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്.

മലേഷ്യയിലേക്ക് കടത്താന്‍ കൊണ്ടുവന്ന 200 കോടിയുടെ എംഡിഎംഎ കൊച്ചിയില്‍ എക്‌സൈസ് പിടികൂടിയിരുന്നു. എന്‍ഡിപിഎസ് (നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ്) ആക്ട് പ്രകാരമാണ് ഇതില്‍ കേസെടുക്കുന്നത്. നിശ്ചിത അളവില്‍ ലഹരിമരുന്ന് കൈവശംവെച്ചാല്‍ മാത്രമാണ് ഈ നിയമപ്രകാരം കര്‍ശന ശിക്ഷ. അതില്‍ കുറവാണെങ്കില്‍ ജാമ്യത്തിലിറങ്ങാം. ഇത് മനസ്സിലാക്കിയാണ് ലഹരി കടത്തുകാരുടെ നീക്കം.

2016-ല്‍ നൂറുകോടിയുടെ ലഹരിവസ്തുക്കള്‍ പിടികൂടി. അടുത്തവര്‍ഷം ഇത് ഇരട്ടിയായി. 2018-ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 350 ശതമാനമാണ് വര്‍ധന. ഈ വര്‍ഷം ഇതുവരെ 6314 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞവര്‍ഷം 5946 ആയിരുന്നു.

ലഹരിമരുന്ന് കേസുകളില്‍ 2017-ല്‍ 6226 പ്രതികളെ പിടികൂടിയപ്പോള്‍, ഈ വര്‍ഷം 6504 പേരെ പിടികൂടി. പ്രതികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയില്ലെങ്കിലും കടത്തുന്ന വസ്തുക്കളില്‍ വലിയ വ്യത്യാസമുണ്ട്. സ്ഥിരം പ്രതികള്‍തന്നെ വിലകൂടിയ ന്യൂജെന്‍ ലഹരിമരുന്ന് കടത്തിലേക്ക് കടക്കുന്നതാണ് ഇതിന് കാരണം.

Exit mobile version