കളഞ്ഞുകിട്ടിയ ഒന്നരലക്ഷം തിരിച്ചേൽപ്പിച്ച തെരുവിലുറങ്ങുന്ന ജോസിന് വാഹനമിടിച്ച് പരിക്ക്; സഹായവുമായി എത്തിയത് പണം തിരികെ ലഭിച്ച മുനീറും കുടുംബവും

ബത്തേരി: വയനാട് ബീനാച്ചിയിൽ വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ ഒന്നരലക്ഷം രൂപ തെരുവിൽ ഉറങ്ങുന്ന കൂലിത്തൊഴിലാളിയായ ജോസ് യഥാർത്ഥ ഉടമയ്ക്ക് മടക്കി നൽകിയത് വലിയ വാർത്തയായിരുന്നു. ഇതിനിടെ, പണം ഉടമസ്ഥന് മടക്കി നൽകിയ ജോസിന് വാഹനമിടിച്ച് പരിക്ക്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്.

റോഡിലൂടെ നടക്കുകയായിരുന്ന ജോസിനെ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. ബീനാച്ചിയിൽ വെച്ചു തന്നെയാണ് സംഭവം. ഇദ്ദേഹത്തെ താലൂക്കാശുപത്രിയിൽ എത്തിച്ചു. തലയ്ക്കു പരിക്കേറ്റ ജോസിന് ഒന്നര ലക്ഷത്തിന്റെ ഉടമയായ മുനീറും കുടുംബവും സഹായവുമായെത്തി.

വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന ജോസ് തനിക്ക് കളഞ്ഞുകിട്ടിയ പണം ചെലവഴിക്കാതെ മൂന്നുദിവസത്തോളം സഞ്ചിയിൽ സൂക്ഷിക്കുകയും പിന്നീട്, തനിക്ക് പണം ആവശ്യമില്ലെന്ന് മനസിലാക്കിയതോടെ സമീപത്തെ കടയിൽ തിരിച്ചേൽപ്പിക്കുകയുമായിരുന്നു.

അടിയന്തിര ചികിത്സയ്ക്കായി ബന്ധുക്കളിൽ നിന്നും സ്വരൂപിച്ച പണമാണ് ജോസിന് കളഞ്ഞുകിട്ടിയത്. ഇത് കൃത്യമായി തിരിച്ചേൽപ്പിച്ചതോടെ രക്ഷപ്പെട്ടത് മറ്റൊരു ജീവൻ കൂടിയാണ്.

കൂലിത്തൊഴിലാളിയായ ജോസ് വഴിയരികിലാണ് കിടന്നുറങ്ങുന്നത്. ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം ബത്തേരിയിലെ തപോവനം അഭയകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version