മകളുടെ മൈലാഞ്ചിക്കല്ല്യാണ വേദിയിൽ രണ്ട് യുവതികൾക്ക് മാംഗല്യ സൗഭാഗ്യം; നന്മ കൊണ്ട് വ്യത്യസ്തരായി ഈ ചാലക്കുടിയിലെ പ്രവാസിയും ഭാര്യയും

ചാലക്കുടി: മകളുടെ വിവാഹത്തിന് മുന്നോടിയായി രണ്ട് നിർധന യുവതികൾക്ക് മാംഗല്യ സൗഭാഗ്യം ഒരുക്കി ഈ പ്രവാസി മലയാളിയുടെ കുടുംബം. മകളുടെ മൈലാഞ്ചിക്കല്യാണത്തിന്റെ വേദിയിൽ വെച്ചാണ് പടിഞ്ഞാറേ ചാലക്കുടി സ്വദേശി കറുകപ്പാടത്ത് പുത്തൻവീട്ടിൽ മുഹമ്മദ് ബുഖാരിയും ഭാര്യ ഷാഹിദയും രണ്ട് യുവതികളുടെ വിവാഹം നടത്തിയത്. മുഹമ്മദ് ബുഖാരിയുടേയും ഷാഹിദയുടേയും മകൾ ഡോ.ഐഷ നിലോഫറിന്റെ മൈലാഞ്ചിക്കല്യാണത്തിനൊപ്പമാണ് 2 വിവാഹവും നടന്നത്.

വെള്ളാംചിറ കാഞ്ഞിരപ്പറമ്പിൽ മനാഫിന്റെ മകൾ ശബ്‌ന, വെള്ളാംചിറ തറയിൽ അലിയുടെ മകൻ ആഷിക്ക് എന്നിവരും കുറ്റിക്കാട് കല്ലുമട തിലകന്റെ മകൾ ശ്രീജ, വല്ലപ്പുഴ സ്വദേശി അരുൺ എന്നിവരാണ് ഐഷയുടെ മൈലാഞ്ചി കല്യാണ വേദിയിൽ വെച്ച് വിവാഹിതരായത്. വേദിയിൽ വെച്ച് പരസ്പരം പുഷ്പഹാരം ചാർത്തിയാണ് ശ്രീജയും അരുണും വിവാഹിതരാവുകയായിരുന്നു. തുടർന്നു ഡോ. ഐഷയുടെ മൈലാഞ്ചി ചടങ്ങുകളും വേദിയിൽ നടന്നു. എബിൻ നാസറാണ് ഐഷയുടെ വരൻ.

വിവാഹച്ചടങ്ങിൽ നഗരസഭ അംഗം സുമ ബൈജു അടക്കം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കുറച്ച് അതിഥികളാണ് വിവാഹത്തിന് എത്തിയത്. ടൗൺ ഇമാം കെഎസ് ഹുസൈൻ ബാഖവിയുടെ നേതൃത്വത്തിലായിരുന്നു വിവാഹം.

Exit mobile version