സ്വര്‍ണ്ണക്കടത്ത് കേസ്; എം ശിവശങ്കര്‍ അറസ്റ്റില്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കര്‍ അറസ്റ്റില്‍. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആണ് ശിവശങ്കറെ അറസ്റ്റുചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ശിവശങ്കര്‍ അറസ്റ്റിലായിട്ടുള്ളത്.

സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചതില്‍ ശിവശങ്കറിന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇ.ഡി അറസ്റ്റിലേക്ക് നീങ്ങിയത്. 30 ലക്ഷം രൂപയോളം ഒളിപ്പിക്കാന്‍ സ്വപ്ന സുരേഷിനെ ശിവശങ്കര്‍ സഹായിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

അറസ്റ്റിലായ ശിവശങ്കറിനെ വ്യാഴാഴ്ച എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ശിവശങ്കറിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് തൊട്ടുപിന്നാലൊണ് ഇ.ഡി അധികൃതര്‍ തിരുവനന്തപുരത്തെ ആയുര്‍വ്വേദ ആശുപത്രിയിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

തുടര്‍ന്ന് കൊച്ചിയിലെത്തിച്ച് ഏഴ് മണിക്കൂര്‍ ചോദ്യംചെയ്ത ശേഷമാണ് രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റംസും ബുധനാഴ്ച അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു.

Exit mobile version