രാജ്യത്തെ ന്യൂനപക്ഷങ്ങൾ ബിജെപിയെ അംഗീകരിച്ചത് കണ്ട് കോൺഗ്രസും സിപിഎമ്മും ഒന്നിച്ചു; ഇനി കമ്മിയും കൊങ്ങിയുമില്ല, കൊമ്മി മാത്രം: എപി അബ്ദുള്ളക്കുട്ടി

കോഴിക്കോട്: ബിജെപിക്കെതിരേ സിപിഎമ്മും കോൺഗ്രസും ഇപ്പോൾ ഒന്നായിരിക്കുകയാണന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. സൈബർ പോരാളികൾ പരസ്പരം വിളിക്കും പോലെ ഇനി കൊങ്ങിയും കമ്മിയുമില്ലെന്നും രണ്ടും കൂടി ചേർന്ന് കൊമ്മി എന്ന് വിളിക്കാമെന്നും അബ്ദുള്ളക്കുട്ടി പരിഹസിച്ചു.

രാജ്യത്തെ ന്യൂനപക്ഷങ്ങൾ ബി.ജെ.പി നിലപാടിനെ അംഗീകരിച്ച് കൊണ്ടിരിക്കുകയാണ്. ഇതൊക്കെ കണ്ട് ബേജാറായിട്ടാണ് ബിജെപിയെ തടയാൻ കോൺഗ്രസും സിപിഎമ്മും ഒന്നിച്ചത്. പിണറായി വിജയന്റെ നേതാവ് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ആയി മാറിയിരിക്കുന്നു. സിപിഎം ഇനി സ്വയം പിരിഞ്ഞ് പോവുന്നതാണ് നല്ലതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പശ്ചിമബംഗാളിലെ സിപിഎം-കോൺഗ്രസ് ബന്ധത്തെ വിമർശിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.

ബിജെപിയുടെ വളർച്ച കണ്ട് പിണറായി വിജയന് പോലും ഈ ഒന്നാവൽ അംഗീകരിക്കേണ്ടി വന്നിരിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് അവരുടെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാൻ സകല തീവ്രവാദി ഗ്രൂപ്പുകളുമായി പോലും സഹകരിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും വെൽഫയർ പാർട്ടിയുമായുള്ള നീക്കുപോക്കിനെ വിമർശിച്ച് കൊണ്ട് അബ്ദുള്ളക്കുട്ടി ആരോപിച്ചു.

Exit mobile version