സ്വർണ്ണക്കടത്തിന് പിന്നിൽ യുഎഇ വ്യവസായി ‘ദാവൂദ് ‘ ആണെന്നു കെടി റമീസിന്റെ മൊഴി

കൊച്ചി: നയതന്ത്ര ബാഗിലൂടെ സ്വർണ്ണം കടത്തിയ കേസിലെ പ്രതി കെടി റമീസിന്റെ നിർണ്ണായക മൊഴി അന്വേഷണ സംഘത്തിന്. സ്വർണ്ണക്കടത്തിനു പിന്നിൽ യുഎഇ വ്യവസായി ‘ദാവൂദ് അൽ അറബി’യാണെന്നാണ് കെടി റമീസ് മൊഴി നൽകിയിരിക്കുന്നത്. ഈ മൊഴി കേന്ദ്രീകരിച്ചാണ് നിലവിൽ കസ്റ്റംസ് അന്വേഷണം നടക്കുന്നത്.

അതേസമയം, ദാവൂദ് അൽ അറബിയെന്ന വ്യാജപേരിൽ മലയാളി വ്യവസായിയാണ് സ്വർണ്ണം കടത്തിയതെന്ന സംശയത്തിലാണ് അന്വേഷണ സംഘം. ഇന്ത്യയിലേക്ക് സ്വർണ്ണം കടത്താൻ ഈ ദാവൂദ് 12 തവണ ഇടപെട്ടു എന്നും റമീസിന്റെ മൊഴിയിൽ പറയുന്നു. ഓഗസ്റ്റിൽ വിയ്യൂർ ജയിലിൽ നടന്ന ചോദ്യം ചെയ്യലിലാണ് ദാവൂദ് അൽ അറബി എന്ന പേര് റമീസ് വെളിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

എൻഫോഴ്‌സ്‌മെന്റിനു മുന്നിലും റമീസ് ഈ മൊഴി ആവർത്തിച്ചു. യുഎഇയിലുള്ള പ്രതി മുഹമ്മദ് ഷമീറുമായാണ് ദാവൂദിന് പരിചയം. ദാവൂദ് വഴി 12 തവണ സ്വർണ്ണം കടത്തിയിട്ടുണ്ട് എന്നും റമീസിന്റെ മൊഴിയിൽ ഉണ്ട്. ഇതേതുടർന്നാണ് അന്വേഷണ സംഘം യുഎഇ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഷമീറിനെ നാട്ടിൽ എത്തിച്ച് ചോദ്യം ചെയ്യണം. ഷമീർ അടക്കമുള്ളവർക്കെതിരെ ബ്ലു കോർണ്ണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്നലെ നെടുമ്പാശേരിയിൽ നിന്നും അറസ്റ്റ് ചെയ്ത റബിൻസ് ഹമീദിനെ എൻഐഎ കോടതിയിൽ ഹാജരാക്കിയ ശേഷം വിശദമായി ചോദ്യം ചെയ്യും. മറ്റ് അന്വേഷണ ഏജൻസികളും റബിൻസിനെ കസ്റ്റഡിയിൽ വാങ്ങും. യുഎഇയിൽ അറസ്റ്റിലായ വ്യവസായി ഫൈസൽ ഫരീദിനെയും ഉടൻ നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് എൻഐഎ.

Exit mobile version