പത്താം തീയതി കഴിഞ്ഞാലും എല്ലാവരും ഇവിടെ കാണണം; എല്ലാം ചർച്ച ചെയ്യാം; വിമർശകരെ വെല്ലുവിളിച്ച് കെഎം ഷാജി

km shaji1

കോഴിക്കോട്: തനിക്ക് എതിരെ ഉയർന്ന ആരോപണങ്ങളിൽ പൊതുജനമധ്യത്തിൽ പ്രതികരിക്കരുതെന്ന നിയമ ഉപദേശം ലഭിച്ചതിനാൽ ഇഡി ഓഫീസിൽ ഹാജരായതിന് ശേഷം പ്രതികരിക്കുമെന്ന് പറഞ്ഞ് മുസ്ലിംലീഗ് എംഎൽഎ കെഎം ഷാജി. നവംബർ 10 എന്ന തിയതി ഉണ്ടെങ്കിൽ അവർക്ക് കൃത്യമായ മറുപടി നൽകും. അന്നിവിടെ എല്ലാവരും കാണണം. ആരാണ് ഐസിയുവിലാകുന്നതെന്ന് കാണാമെന്നും അഴീക്കോട് എംഎൽഎ ഷാജി വെല്ലുവിളിച്ചു.

കണ്ണൂർ അഴീക്കോട് ഹൈസ്‌ക്കൂളിൽ പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്നതിനിടെയാണ് വിമർശനങ്ങൾക്ക് മറുപടിയുമായി കെഎം ഷാജി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

കെഎം ഷാജി എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഞാൻ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും!! നവംബർ പത്താം തിയ്യതി ഹാജരാവാൻ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജൻസി ആയ ED എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ഞാൻ ചെയ്യുകയും ചെയ്യും. അത് വരെ പൊതു മധ്യത്തിൽ ഈ വിഷയം ചർച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാൽ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നു മാത്രം!!
പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചർച്ച ചെയ്യണം;
ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മൾക്ക് ചർച്ച ചെയ്യാം!!
അപ്പോൾ ആരൊക്കെ തലയിൽ മുണ്ടിടുമെന്നും, ഐ സി യു വിൽ കയറുമെന്നും വാർത്താ വായനയിൽ കയർ പൊട്ടിക്കുമെന്നും നമ്മൾക്ക് കാണാം!!
ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്; നിർബന്ധവുമുണ്ട്!!

Exit mobile version