സ്വത്തുവിവരങ്ങള്‍ അടിമുടി വ്യാജം; കേരളത്തില്‍ ഭൂമി വില കൂടുമ്പോള്‍, കെഎം ഷാജിയുടെ ഭാര്യയുടെ സ്ഥലത്തിന്റെ വില കുത്തനെ താഴേക്ക്, എല്ലാം കള്ളക്കണക്കുകള്‍

കണ്ണൂര്‍: കെഎം ഷാജി എംഎല്‍എ കുരുക്കിലേക്ക്. തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രികയോടൊപ്പം ഷാജി നല്‍കിയ സ്വത്തുവിവര സത്യവാങ്മൂലത്തിലും കള്ളക്കണക്ക്. സ്വത്തുക്കള്‍ വര്‍ധിച്ചതോടെ ഭൂമിവില കുറച്ചാണ് വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന വിവരങ്ങള്‍ പുറത്ത്.

സംസ്ഥാനത്ത് ദിനംപ്രതി ഭൂമി വില വര്‍ധിക്കുകയാണ്, എന്നാല്‍ ഷാജിയുടെയും ഭാര്യയുടെയും സ്ഥലത്തിന്റെ വില കുത്തനെ താഴ്ന്നതായാണ് കാണിക്കുന്നത്. 2011–ല്‍ അഴീക്കോട് ആദ്യം മത്സരിക്കുമ്പോള്‍ വയനാട് വൈത്തിരി താലൂക്കില്‍ മൂന്നിടത്തായി ഷാജിയുടെ പേരിലുള്ള 1.53 ഏക്കര്‍ സ്ഥലത്തിന് 28,92,500 രൂപയാണ് വില കാണിച്ചത്.

2016ല്‍ വീണ്ടും മത്സരിക്കുമ്പോള്‍ ഇതേ വസ്തുവിന്റെ വില എട്ടു ലക്ഷമായി കുറച്ചു. ഷാജിയുടെ ഭാര്യ ആശാ ഷാജിക്ക് 2011–ല്‍ വൈത്തിരി കണിയാംപറ്റയിലെ 40.3 സെന്റ് ഭൂമി മാത്രമാണുണ്ടായിരുന്നത്. 2006–ല്‍ വിലയ്ക്കുവാങ്ങിയ ഈ വസ്തുവിന് ആറു ലക്ഷം രൂപയാണ് കണക്കാക്കിയത്.

എന്നാല്‍, 2016 ആയപ്പോള്‍ വില 70,000 രൂപ മാത്രം. എംഎല്‍എയുടെ സ്വത്തുക്കള്‍ വര്‍ധിച്ചതോടെ ഭൂമിവില കുറച്ച് വ്യാജ സത്യവാങ്മൂലം നല്‍കിയെന്നത് ഇതിലൂടെ വ്യക്തം. 2012–ല്‍ ഭാര്യയുടെപേരില്‍ കണ്ണൂര്‍ ചിറക്കല്‍ പഞ്ചായത്തിലെ മണല്‍ ഒറ്റത്തെങ്ങില്‍ 10.3 സെന്റ് ഭൂമിയും വീടും വാങ്ങിയിരുന്നു.

2016ലെ കമ്പോള വിലയനുസരിച്ച് 30 ലക്ഷമെങ്കിലും മതിക്കുന്ന ഭൂമിക്ക് പത്ത് ലക്ഷവും 30 ലക്ഷത്തിലേറെ വിലയുള്ള 2331 ചതുരശ്ര അടി വീടിന് ഏഴു ലക്ഷവുമാണ് കാണിച്ചത്. ഇതിനുപുറമെയാണ് 2011–ല്‍ കോഴിക്കോട് വേങ്ങേരിയില്‍ ഭാര്യയുടെ പേരില്‍ 37.7 സെന്റ് ഭൂമി വാങ്ങി ആഡംബര വീട് കെട്ടിപ്പൊക്കിയത്.

2016ലെ സത്യവാങ്മൂലത്തില്‍ 30 ലക്ഷം രൂപ ഇതിനു കണക്കാക്കി. സെന്റിന് ഒരു ലക്ഷത്തിലും താഴെ. വീടിനായി അതുവരെ ചെലവഴിച്ചത് പത്തു ലക്ഷം രൂപയാണെന്നും രേഖപ്പെടുത്തി.

വരവില്‍ കവിഞ്ഞ സ്വത്ത്; കണ്ണൂരിലെ വീട്ടില്‍ ഇഡി റെയ്ഡ്
വരവില്‍ കവിഞ്ഞ സ്വത്തിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കെ എം ഷാജി എംഎല്‍എയുടെ ചിറക്കല്‍ മണലിലെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. പഞ്ചായത്ത് എന്‍ജിനിയറുടെ സഹായത്തോടെ വീടിന്റെ വിസ്തൃതിയും അളന്നു. വെള്ളിയാഴ്ച പകല്‍ പതിനൊന്നോടെയാണ് മണലിലെ അലയന്‍സ് ഗ്രീന്‍സ് വില്ലാസിലെ അഞ്ചാം നമ്പര്‍ വീട്ടില്‍ ഇഡി ഉദ്യോഗസ്ഥരെത്തിയത്. ഷാജിയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

പഞ്ചായത്ത് അസി. എന്‍ജിനിയറുടെ നേതൃത്വത്തില്‍ നടന്ന അളവെടുപ്പില്‍ 2331 ചതുരശ്ര അടി വിസ്തൃതിയിലാണ് വീടെന്ന് കണ്ടെത്തി. 2012 ലാണ് ഭാര്യ ആശാ ഷാജിയുടെ പേരില്‍ 10.3 സെന്റിലുള്ള വില്ല ഷാജി വാങ്ങിയത്.

Exit mobile version