സ്വത്തുക്കള്‍ മുഴുവനും എഴുതിവാങ്ങി, പിതാവിനെ ഭക്ഷണം പോലും നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ട് നാടുവിട്ട് മക്കള്‍, പരാതി

പാലക്കാട്: തൊണ്ണൂറുകാരനെ മക്കള്‍ ദിവസങ്ങളോളം വീടിനുള്ളില്‍ പൂട്ടിയിട്ടെന്ന് പരാതി. പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം. പടിഞ്ഞാറേത്തറയില്‍ പൊന്നു ചെട്ടിയാരാണ് ദുരിതത്തില്‍ കഴിഞ്ഞത്. സ്വത്ത് എഴുതിവാങ്ങിയശേഷം മക്കള്‍ സംരക്ഷണം നല്കിയില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു.

വളരെ ധനികനായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ മക്കളും സാമ്പത്തികശേഷിയുള്ളവരാണ്. ഇദ്ദേഹത്തെ ദിവസങ്ങളോളമാണ് മക്കള്‍ മുറിയില്‍ പൂട്ടിയിട്ടതെന്ന് മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ പറയുന്നു. വല്ലപ്പോഴും ഭക്ഷണം നല്‍കാന്‍ വേണ്ടി മാത്രമാണ് മുറി തുറന്നിരുന്നത്.

പൊന്നു ചെട്ടിയാരുടെ അവസ്ഥ കണ്ട് നാട്ടുകാര്‍ പലപ്പോഴും ഇവരുടെ മക്കളോട് സംസാരിച്ചിരുന്നു. എന്നാല്‍ പിന്നീടും ഇതേ പ്രവൃത്തി തുടരുകയായിരുന്നു. അച്ഛനെ സംരക്ഷിക്കാന്‍ മക്കള്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ ചെയര്‍മാന്‍ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു.

ഇപ്പോള്‍ മകളുടെ വീട്ടിലേക്ക് പൊന്നു ചെട്ടിയാരെ മാറ്റിയിരിക്കുകയാണ്. പിതാവിനെ സംരക്ഷിക്കണമെന്ന് പോലീസ് ഇവരോട് പറഞ്ഞിട്ടുണ്ട്. ഇല്ലെങ്കിലും രണ്ടുമക്കളും സ്റ്റേഷനിലെത്തണമെന്ന് പോലീസ് അറിയിച്ചു.

Exit mobile version