ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: യൂട്യൂബ് വഴി അശ്ലീലം പ്രചരിപ്പിച്ച വിജയ് പി നായരെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്‌നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം ഇവരുടെ അറസ്റ്റ് തടയണമെന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും.

വിജയ് പി നായര്‍ ഇങ്ങോട്ട് പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നും അവിടെ നിന്ന് എടുത്ത വിജയ് പി നായരുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പോലീസിന് കൈമാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങള്‍ക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാല്‍ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം വീഡിയോ സഹിതം തെളിവുള്ളതിനാല്‍ പിടിച്ചുപറി എന്നതിലുപരി ദേഹോപദ്രവമേല്‍പ്പിച്ചുള്ള മോഷണക്കുറ്റം എന്ന നിലയിലേക്ക് പോലീസ് നിലപാട് കടുപ്പിക്കാനാണ് സാധ്യത. കൈയേറ്റം വ്യക്തമാണെന്നിരിക്കെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനമെന്താകുമെന്നത് നിര്‍ണായകമാണ്.

സെപ്റ്റംബര്‍ 26നാണ് സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യുട്യൂബര്‍ വിജയ് പി നായരുടെ ദേഹത്ത് നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കരി ഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

Exit mobile version