വെൽഫയർ പാർട്ടിയുമായി ഒത്തുപോവില്ല; യുഡിഎഫിൽ പൊട്ടിത്തെറി; എതിർപ്പ് അറിയിച്ച് സമസ്ത യുവജനവിഭാഗം

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയെ കൂട്ടുപിടിച്ച് മുന്നോട്ട് പോവാനുള്ള യുഡിഎഫ് നീക്കത്തിന് തിരിച്ചടി. സമസ്ത യുവജന വിഭാഗമായ എസ്‌വൈഎസ് യുഡിഎഫിന്റെ തീരുമാനത്തെ എതിർത്ത് രംഗത്തെത്തി. മതേതര രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന ലീഗും മതരാഷ്ട്ര വാദം ഉന്നയിക്കുന്ന ജമാഅത്ത ഇസ്ലാമിയുമായി ഒത്തുപോവാനാവില്ലെന്ന് എസ്‌വൈഎസ് നേതൃത്വം യുഡിഎഫിനോട് തുറന്നടിച്ചു. കഴിഞ്ഞയാഴ്ച യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ ജമാഅത്ത് അമീറിനെ പോയി കണ്ടതിനേയും എസ്‌വൈഎസ് വിമർശിച്ചിട്ടുണ്ട്.

വെൽഫെയർ പാർട്ടിയുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്നും ഇതിൽ നിന്നും പിന്മാറണമെന്നും മലപ്പുറം എംപി പികെ കുഞ്ഞാലിക്കുട്ടിയെ സമീപിച്ചും നേതൃത്വം നേരിട്ട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കില്ല എന്ന ഉറപ്പ് എസ്‌വൈഎസ് നേതാക്കൾക്ക് കുഞ്ഞാലിക്കുട്ടി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, ഇക്കാര്യം നാളെ ചേരുന്ന യുഡിഎഫ് യോഗത്തിൽ ചർച്ചയാകും.

ഇതിനിടെ, ഒരു മുന്നണിയുമായും സഖ്യമുണ്ടാക്കില്ലെന്ന് പ്രതികരിച്ച് വെൽഫെയർപാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം രംഗത്തെത്തിയതും ശ്രദ്ധേയമായി. പ്രാദേശിക തലത്തിൽ മതേതര കക്ഷികളുമായി നീക്ക് പോക്കിനുള്ള അനുമതി കൊടുത്തിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Exit mobile version