കേരളത്തിലെ പത്ത് പാസഞ്ചറുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 358 പാസഞ്ചര്‍ ട്രെയിനുകള്‍ എക്‌സ്പ്രസുകളാക്കി മാറ്റി

തിരുവനന്തപുരം: കേരളത്തിലെ പത്ത് പാസഞ്ചറുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 358 പാസഞ്ചര്‍ ട്രെയിനുകള്‍ എക്‌സ്പ്രസുകളാക്കി മാറ്റി. വരുമാനവര്‍ധന ലക്ഷ്യമിട്ടാണ് റെയില്‍വേ പാസഞ്ചര്‍ തീവണ്ടികള്‍ എക്‌സ്പ്രസുകളാക്കി മാറ്റിയിരിക്കുന്നത്. പാസഞ്ചര്‍ തീവണ്ടികള്‍ എക്‌സ്പ്രസുകളാക്കി മാറ്റുന്നതോടെ യാത്രാനിരക്ക് ഇരട്ടിയിലധികമാവുകയും സ്റ്റോപ്പുകളുടെ എണ്ണം കുറയുകയും ചെയ്യും. പാസഞ്ചറിലെ ഏറ്റവും കുറഞ്ഞ യാത്രാനിരക്ക് 10 രൂപയാണ്. എക്‌സ്പ്രസുകളായി മാറുമ്പോള്‍ ചുരുങ്ങിയ നിരക്ക് 30 രൂപയാവും. ട്രെയിന്‍ ഗതാഗതം സാധാരണഗതിയിലാകുമ്പോള്‍ ഈ പരിഷ്‌കാരം പ്രാബല്യത്തില്‍ വരും.

റെയില്‍വേ സ്വകാര്യവത്കരണത്തിന്റെ ചുവടുപിടിച്ചാണ് പാസഞ്ചറുകള്‍ ലാഭകരമല്ലെന്ന വിലയിരുത്തലുകളുണ്ടായത്. ഇതേ തുടര്‍ന്ന് പാസഞ്ചറുകളെ എക്‌സ്പ്രസുകളും എക്‌സ്പ്രസുകളെ സൂപ്പര്‍ഫാസ്റ്റുകളുമാക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നു. ദക്ഷിണ-മധ്യ റെയില്‍വേ (47), ഉത്തര-പശ്ചിമ റെയില്‍വേ (43), ദക്ഷിണ-പൂര്‍വ റെയില്‍വേ (36), ദക്ഷിണ റെയില്‍വേ (36) എന്നിങ്ങനെയാണ് മാറ്റം. അടുത്ത സമയക്രമപരിഷ്‌കരണംമുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ഉത്തരവിലുള്ളത്. ജൂലായിലായിരുന്നു പുതിയ ട്രെയിന്‍ ടൈംടേബിള്‍ വരേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് കാരണം ഇത് നടപ്പായില്ല. നിലവില്‍
ഓടുന്നതെല്ലാം സ്‌പെഷ്യല്‍ ട്രെയിനുകളാണ്.

റെയില്‍വേയുടെ ഈ തീരുമാനം മലബാറിന് ഇരുട്ടടിയായിരിക്കുകയാണ്. മലബാര്‍ മേഖലയിലൂടെ ഓടുന്ന അഞ്ച് ദീര്‍ഘദൂര പാസഞ്ചറുകളാണ് എക്‌സ്പ്രസുകളാകുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന കോയമ്പത്തൂര്‍-മംഗലാപുരം, കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചറുകള്‍ ഇതോടെ ഇല്ലാതാകും.

എക്‌സ്പ്രസുകളാകുന്ന മറ്റ് പാസഞ്ചറുകള്‍ ഇവയൊക്കെയാണ്, 1. നാഗര്‍കോവില്‍-കോട്ടയം 2. കോയമ്പത്തൂര്‍-മംഗലാപുരം സെന്‍ട്രല്‍ 3. കോട്ടയം-നിലമ്പൂര്‍ റോഡ് 4. ഗുരുവായൂര്‍-പുനലൂര്‍ 5. തൃശ്ശൂര്‍-കണ്ണൂര്‍ 6. കണ്ണൂര്‍-കോയമ്പത്തൂര്‍ 7. മംഗലാപുരം സെന്‍ട്രല്‍-കോഴിക്കോട് 8. പുനലൂര്‍-മധുര 9. പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി 10. പാലക്കാട്-തിരുച്ചെന്തൂര്‍.

Exit mobile version