പ്രതിസന്ധികളെ പുഞ്ചിരിച്ച് നേരിട്ട ആമിനയുടെ ആ ആഗ്രഹവും സഫലമാക്കി രാഹുൽ ഗാന്ധി; നീറ്റ് പരീക്ഷയിലെ റാങ്കുകാരിക്ക് നേരിട്ട് അഭിനന്ദനം

കൽപ്പറ്റ: ശാരീരികവും മാനസികവുമായുള്ള എല്ലാ പ്രതിസന്ധികളേയും തട്ടിമാറ്റി നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ ആമിന എന്ന ഈ വിദ്യാർത്ഥിനിയുടെ ഏറ്റവും വലിയ ആഗ്രഹം രാഹുൽ ഗാന്ധിയെ നേരിട്ട് കാണമെന്നായിരുന്നു. ഒടുവിൽ സ്വന്തം മണ്ഡലത്തിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തിയ രാഹുൽ ഗാന്ധി കൽപ്പറ്റ റസ്റ്റ് ഹൗസിൽ വെച്ച് ആമിനയെ കണ്ടു.

പ്രതിസന്ധികളിൽ പതറാതെ മുന്നോട്ട് കുതിക്കുന്ന ആമിനയെ ചേർത്തു പിടിച്ച് രാഹുൽ അഭിനന്ദിച്ചു. തുടർ പഠനത്തിനുള്ള എല്ലാ സഹായവും ഉറപ്പു നൽകി. ഇടതുകൈ പാതിമാത്രം ഉള്ള ആമിന ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ നേടിയത് 1916 ാം റാങ്കാണ്. പരിശീലന ക്ലാസ്സിന് പോകാനുള്ള സാമ്പത്തിക ചുറ്റുപാടുണ്ടായിരുന്നില്ല ഈ പെൺകുട്ടിക്ക്. ഡോക്ടറാകണമെന്നത് ആമിനയുടെ കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമാണ്. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകളുള്ളവർക്ക് ഡോക്ടറാകുന്നതിൽ വലിയ കടമ്പകൾ ഉണ്ടെന്ന് മനസ്സിലാക്കിയ ആമിന തന്റെ ദുഖം രാഹുൽ ഗാന്ധിയുമായി പങ്കുവെച്ചു.

ശാരീരിക പരിമിതി ഉള്ളവരെ കൂടി പരിഗണിക്കുന്ന രീതിയിൽ നമ്മുടെ ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ നിയമങ്ങൾ പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് രാഹുൽ ആമിനയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ആരോഗ്യ സേവന രംഗത്ത് ആമിനയെപോലുള്ളവർ ഡോക്ടർമാരായി എത്തുന്നത് സ്വാഗതം ചെയ്യണമെന്നും രാഹുൽ കുറിച്ചു. ആമിനയുടെ പിതാവ് പ്രവാസിയായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലാണ്.

കുടുംബം പുലർത്താനായി ആമിനയുടെ ഉമ്മ ജാസ്മിൻ പ്രവാസം തിരഞ്ഞെടുക്കാൻ നിർബന്ധിതയായി. ആമിനയുടെ റാങ്കും ഉമ്മയുടെ കഷ്ടപ്പാടും ക്ലബ്ബ് എഫ്എം യുഎഇയിലൂടെ കേട്ടറിഞ്ഞ നല്ലവരുടെ സ്നേഹത്തില്‍ ജാസ്മിന് മെച്ചപ്പെട്ടൊരു ജോലി ലഭിച്ചു.

ഉപ്പയ്ക്ക് ഭക്ഷണം നൽകുന്നതും സഹായിക്കുന്നതും, വേദനകൊണ്ട് പുളയുന്ന സമയത്ത് ആശ്വാസവുമായി കൂട്ടിരിക്കുന്നതും ആമിനയാണ്. ഇതിനിടയിലുള്ള സമയത്ത് പഠിച്ചാണ് ഇടതുകൈ പാതി മാത്രമുള്ള ഒരു കുട്ടി ഉന്നത വിജയം നേടിയിരിക്കുന്നത്.

Exit mobile version