കൊവിഡ് രോഗി മരിച്ചത് ഓക്‌സിജൻ കിട്ടാതെയെന്ന് ശബ്ദസന്ദേശം പ്രചരിപ്പിച്ചു; നഴ്‌സിങ് ഓഫീസർക്ക് സസ്‌പെൻഷൻ

KK Shailaja| Kerala News

കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊവിഡ് രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രചാരണങ്ങളിലെ പ്രാഥമിക അന്വേഷണത്തെ തുടർന്ന് നഴ്‌സിങ് ഓഫീസർക്ക് സസ്‌പെൻഷൻ. രോഗികളിൽ ചിലർ ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചുവെന്ന് പ്രചരിപ്പിച്ച നഴ്‌സിങ് ഓഫീസർ ജലജ ദേവിയെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് നൽകാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊവിഡ് വാർഡുകളിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളിൽ ചിലർക്ക് ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചതായി നഴ്‌സിങ് ഓഫീസർ ജലജ ദേവി വെളിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കേന്ദ്ര സംഘത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആർഎംഒ നഴ്‌സിങ് ഓഫീസറുടെയും ഹെഡ് നഴ്‌സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങൾ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം. നഴ്‌സുമാരുടെ അശ്രദ്ധകൊണ്ട് പലർക്കും മരണം സംഭവിക്കുന്നു എന്നാണ് സന്ദേശത്തിലുള്ളത്.

ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടെയും ഓക്‌സിജൻ മാസ്‌ക്ക് കൃത്യമായല്ല ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായും ജലജ ദേവി പറയുന്നു. ചിലരുടെ വെൻറിലേറ്റർ ട്യൂബുകളുടെയും അവസ്ഥ ഇതു തന്നെ. ഇക്കാര്യങ്ങൾ കണ്ടെത്തിയ ഡോക്ടർമാർ നഴ്‌സുമാരെ സഹായിക്കാൻ ഇതു വേണ്ട വിധത്തിൽ റിപ്പോർട്ട് ചെയ്യുന്നില്ല എന്നും സന്ദേശത്തിലുണ്ട്.

Exit mobile version