മെഡിക്കൽ കോളേജിൽ രോഗി മരിച്ചത് കൊവിഡ് കാരണമല്ല, അനാസ്ഥ കാരണം; നഴ്‌സിങ് ഓഫീറുടെ പേരിൽ സന്ദേശം പ്രചരിക്കുന്നു;അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ്

മെഡിക്കൽ കോളേജിൽ രോഗി മരിച്ചത് കൊവിഡ് കാരണമല്ല, അനാസ്ഥ കാരണം; നഴ്‌സിങ് ഓഫീറുടെ പേരിൽ സന്ദേശം പ്രചരിക്കുന്നു; നിഷേധിച്ച് ആശുപത്രി; അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ്

medical college | Big news live

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് പോസിറ്റീവായി ചികിത്സ തേടിയ രോഗി മരിക്കാനിടയായത് രോഗം മൂർച്ഛിച്ചല്ലെന്നും ജീവനക്കാരുടെ അനാസ്ഥമൂലമാണെന്നും ആശുപത്രി ജീവനക്കാരിയുടെ പേരിൽ ശബ്ദ സന്ദേശം. രോഗിയുടെ ശരീരത്തിൽ ഘടിപ്പിച്ച വെന്റിലേറ്റർ ട്യൂബ് മാറിക്കിടന്നത് ജീവനക്കാർ ശ്രദ്ധിക്കാതെ പോയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. നഴ്‌സിങ് ഓഫീസറുടെ പേരിലാണ് ശബ്ദ സന്ദേശം പ്രചരിക്കുന്നത്.

എറണാകുളം ജില്ലയിലെ കൊവിഡ് കെയർ സെന്ററാണ് കളമശ്ശേരി മെഡിക്കൽ കോളേജ്. കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചി സ്വദേശിയായ ഒരാളെ കോവിഡ് ബാധയെ തുടർന്ന് ഇവിടെ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ മരിച്ചു. ഇതിനുപിന്നാലെയാണ് മരണകാരണത്തെ ചൊല്ലി ആശുപത്രി നഴ്‌സിങ്ങ് ഓഫീസറുടേതെന്ന പേരിൽ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്.

രോഗം കുറഞ്ഞ് വാർഡിലേക്ക് മാറ്റാവുന്ന അവസ്ഥയിലെത്തിയ രോഗിയാണ് മരിച്ചത്. ട്യൂബ് മാറിക്കിടന്നത് ശ്രദ്ധിക്കാത്തതിനാലാണ് രോഗി മരിച്ചത്. ആരും അറിയാതിരുന്നതിനാൽ ഉത്തരവാദികൾ രക്ഷപെട്ടുവെന്നും ഇതുപോലെ സമാനസംഭവങ്ങൾ മുമ്പും നടന്നുവെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. ട്യൂബിങ്ങ് ശരിയാകാതെയാണ് രോഗിയുടെ മരണമെന്നത് ഡോക്ടർമാർക്ക് ഉൾപ്പെടെ അറിയാമെന്നും ഇക്കാര്യം ഒതുക്കി തീർക്കുകയായിരുന്നുവെന്നും ആണ് നഴ്‌സിങ് ഓഫീസർ ജലജാദേവിയുടെതായി പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നത്. എന്നാൽ ഈ സന്ദേശത്തിന്റെ ആധികാരികത തെളിയിക്കപ്പെടേണ്ടതുണ്ട്. വ്യാജമായി കെട്ടിച്ചമച്ചതാണോ എന്ന് അന്വേഷിച്ച് കണ്ടെത്തിയാൽ മാത്രമെ സ്ഥിരീകരിക്കാനാകൂ.

ഇതിനിടെ, കളമശേരി മെഡിക്കൽ കോളേജിനെ സംബന്ധിച്ച് ഉയർന്ന ആരോപണത്തെ കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്.

എന്നാൽ, നഴ്‌സിങ്ങ് ഓഫീസർ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന കാര്യത്തിൽ അഭിപ്രായം പറയേണ്ട ആളല്ലെന്നും എന്തുകൊണ്ടാണ് ഇത്തരം ഒരു സന്ദേശം പുറത്തുവന്നതെന്ന് അറിയില്ലെന്നുമാണ് ആശുപത്രി അധികൃതർ പ്രതികരിച്ചു. ഇതിനിടെ, ശബ്ദസന്ദേശം പ്രചരിച്ചതോടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് പരാതി നൽകാൻ ഒരുങ്ങുകയാണ് മരിച്ചയാളുടെ ബന്ധുക്കൾ.

Exit mobile version