കവളപ്പാറ ദുരന്തത്തില്‍ അമ്മയേയും മൂന്ന് സഹോദരങ്ങളേയും മുത്തച്ഛനെയും നഷ്ടമായി; കണ്ണീര്‍ മുഖമായ സഹോദരിമാര്‍ക്ക് രാഹുല്‍ഗാന്ധിയുടെ സഹായ ഹസ്തം, വീട് നിര്‍മ്മിച്ച് നല്‍കി

കവളപ്പാറ: സംസ്ഥാനത്തെ നടുക്കിയ ഒന്നായിരുന്നു കവളപ്പാറ ദുരന്തം. കുത്തിയൊലിച്ച് വന്ന മലവെള്ളത്തില്‍ വീടുകളും നിരവധി ജീവനുകളെയുമാണ് കൊണ്ടുപോയത്. ഇന്നും കവളപ്പാറ മലയാള മണ്ണിന് തീരാനോവാണ്. ഇപ്പോള്‍ കവളപ്പാറ ദുരന്തത്തില്‍ അമ്മയേയും മൂന്നു സഹോദരങ്ങളേയും മുത്തച്ഛനേയും നഷ്ടമായ സഹോദരിമാര്‍ക്ക് രാഹുല്‍ഗാന്ധിയുടെ സഹായ ഹസ്തം എത്തിയിരിക്കുകയാണ്. രാഹുലിന്റെ നിര്‍ദേശപ്രകാരം ആരംഭിച്ച വീടുനിര്‍മാണം പൂര്‍ത്തിയായി.

തിങ്കളാഴ്ച മലപ്പുറത്ത് എത്തുന്ന രാഹുല്‍ഗാന്ധി പുതിയ വീടിന്റെ താക്കോലും ഭൂമിയുടെ രേഖകളും കൈമാറും. കവളപ്പാറയില്‍ ഉറ്റവരെയെല്ലാം നഷ്ടമായ കാവ്യയും കാര്‍ത്തികയും കണ്ണീര്‍ കാഴ്ചയായിരുന്നു. കവളപ്പാറയിലെത്തിയപ്പോള്‍ വിവരമറിഞ്ഞ രാഹുല്‍ഗാന്ധി സഹോദരിമാരെ നേരില്‍ കണ്ട് സാന്ത്വനിപ്പിച്ചു. ഭൂമി വാങ്ങി വീടു നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചിരുന്നു. ആ വാഗ്ദാനമാണ് ഇപ്പോള്‍ നിറവേറ്റിയിരിക്കുന്നത്.

പാതയോരത്തു തന്നെ സുരക്ഷിതമായ ഭാഗത്ത് സ്ഥലം വാങ്ങി 7 ലക്ഷം രൂപ ചിലവഴിച്ച് വീടുനിര്‍മാണവും പൂര്‍ത്തിയാക്കി. ഈസ്റ്റ് ഏറനാട് സഹകരണബാങ്കാണ് ഭൂമി വാങ്ങി കൈമാറിയത്. പിന്നീട് നിലമ്പൂരിലെത്തിയപ്പോഴും കാവ്യയേയും കാര്‍ത്തികയേയും രാഹുല്‍ഗാന്ധി കണ്ട് വിവരങ്ങളന്വേഷിച്ചിരുന്നു.

Exit mobile version