ബാപ്പയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി മീന്‍കച്ചവടത്തിനിറങ്ങി, കഷ്ടപ്പെട്ട് പഠിച്ച് പിന്നീട് പോലീസിലേക്ക്, കുറ്റവാളി ഫോണുപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇന്ന് സുധീറിന്റെ വലയില്‍ കുടുങ്ങിയിരിക്കും

ആലപ്പുഴ:പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിയുടെ മരണമുള്‍പ്പെടെ കോളിളക്കം സൃഷ്ടിച്ച 34 കേസുകള്‍ തെളിയിക്കപ്പെട്ടതില്‍ എ.എസ്.ഐ. സുധീറിന്റെ പങ്കുവലുതാണ്. 40 ഗുഡ് സര്‍വീസ് എന്‍ട്രി ഈ 45-കാരനെ തേടിയെത്തി. പ്രീഡിഗ്രി മാത്രംപഠിച്ച അദ്ദേഹത്തിന്റെ കംപ്യൂട്ടര്‍ മികവ് സൈബര്‍വിദഗ്ധരെപ്പോലും അമ്പരപ്പിക്കുന്നതാണ്.

പ്രീഡിഗ്രിക്കുശേഷം മക്കളെ പഠിപ്പിക്കാനായി വീടുവില്‍ക്കേണ്ടിവന്ന ബാപ്പയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് സുധീര്‍ മീന്‍കച്ചവടത്തിനിറങ്ങിയത്.അതിനിടെ പുന്നപ്രയില്‍ കംപ്യൂട്ടറിനു മുന്നില്‍ നാളുകള്‍ ചെലവഴിച്ച് ഓരോന്നു പഠിച്ചെടുത്തു. ഓലമേഞ്ഞ പാരലല്‍ കോളേജില്‍ വിദ്യാര്‍ഥികളുടെ നമ്പരടിച്ചാല്‍ റിസള്‍ട്ട്, ക്ലാസ്, ഡിസ്റ്റിങ്ഷന്‍ എന്നിവ വേര്‍തിരിച്ച് കംപ്യൂട്ടറില്‍ തെളിയിയുന്നത് അവതരിപ്പിച്ച് 1995-ല്‍ നാട്ടുകാരെ അദ്ഭുതപ്പെടുത്തി.

കഷ്ടതകള്‍ക്കു നടുവില്‍നിന്നെഴുതിയ ആദ്യ പി.എസ്.സി. പരീക്ഷയില്‍ത്തന്നെ പോലീസായി. ആദ്യം മലപ്പുറം ക്യാമ്പിലായിരുന്നു. പരിശീലനകാലം മുതല്‍ കേസന്വേഷണങ്ങളില്‍ കാണിച്ച താത്പര്യം എ.ഡി.ജി.പി. അനന്തകൃഷ്ണന്റെയും ഇപ്പോഴത്തെ ഐ.ജി. എസ്. ശ്രീജിത്തിന്റെയും ശ്രദ്ധയിലെത്തി.

തുടര്‍ന്ന് പല അന്വേഷണസംഘങ്ങളും അദ്ദേഹത്തിന്റെ സഹായംതേടി. കള്ളന്‍ ഫോണുപയോഗിച്ചിട്ടുണ്ടെങ്കില്‍ സുധീറിന്റെ വലയില്‍ കുടുങ്ങിയിരിക്കും. സ്വന്തമായി സോഫ്‌റ്റ്വേര്‍ വികസിപ്പിച്ചെടുത്താണ് ലക്ഷക്കണക്കിനു ഫോണ്‍വിളികളില്‍നിന്ന് സുധീര്‍ പ്രതിയെ കണ്ടെത്തുന്നത്. ഓരോ കേസിനും സുധീര്‍ അതിനനുസൃതമായി സോഫ്‌റ്റ്വേര്‍ രൂപപ്പെടുത്തും.

അന്വേഷണസംഘത്തിലുള്ളവരുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തി കൊച്ചുകൊച്ചു കാര്യങ്ങള്‍വരെ പങ്കുവെക്കാന്‍ പ്രേരിപ്പിക്കും. അതു വിശകലനംചെയ്താണ് കോളുകളിലേക്ക് ഇറങ്ങുക. കരുവാറ്റ ബാങ്കുകവര്‍ച്ചക്കേസിലെ പ്രതികള്‍ പിടിയിലായതില്‍ സുധീറിനു വലിയ പങ്കുണ്ട്. അന്തരിച്ച ഫൊറന്‍സിക് വിദഗ്ധന്‍ ഡോ. ഉമാദത്തന്റെ ഇഷ്ടക്കാരനായിരുന്നു സുധീര്‍.

അദ്ദേഹമെഴുതിയ ‘കപാലം’ എന്ന പുസ്തകത്തിന്റെ ആദ്യ അധ്യായത്തില്‍ത്തന്നെ സുധീറിനെക്കുറിച്ചു പറയുന്നുണ്ട്. സൈബര്‍വിദഗ്ധന്‍ വിനോദ് ഭട്ടതിരിപ്പാടുമായും അടുപ്പമുണ്ട്. ഇപ്പോള്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവി പി.എസ്. സാബുവിന്റെ പ്രത്യേക സംഘത്തിലാണ് സുധീര്‍ ജോലിചെയ്യുന്നത്. ഭാര്യ ഷംന നഴ്‌സാണ്. പുന്നപ്രയിലെ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ജോലിചെയ്യുന്നു.

Exit mobile version