റെഡ് അലര്‍ട്ട്; കക്കി-ആനത്തോട് അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു, സമീപപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

പത്തനംതിട്ട: നീരൊഴുക്ക് ശക്തമായതോടെ കക്കി-ആനത്തോട് അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് അണക്കെട്ടില്‍ അധികൃതര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായിട്ടാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായത്.

അണക്കെട്ടിലെ അനുവദനീയമായ പരമാവധി ശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. അണക്കെട്ടിന്റെ സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും. ജലനിരപ്പ് 2393 അടി കടന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി വൈദ്യുതി ഉല്‍പാദനം കൂട്ടിയിട്ടുണ്ട്. എന്നാല്‍ അവസാന നിമിഷം കൂടുതല്‍ വെള്ളം തുറന്ന് വിടുന്നത് ഒഴിവാക്കാന്‍ ഇപ്പോള്‍ തന്നെ ഡാം തുറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 2393.22 അടിയാണ് ബ്ലു അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ്.

രണ്ട് അടിയാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ വര്‍ദ്ധിച്ചത്. മൂന്ന് അടി കൂടി ഉയര്‍ന്നാല്‍ നിലവിലെ റൂള്‍ ലെവല്‍ പ്രകാരം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. അഞ്ച് അടി കൂടി ഉയര്‍ന്ന് 2398.85 അടിയിലെത്തിയാല്‍ ഡാം തുറക്കേണ്ടിവരും.

Exit mobile version