ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ച പരാജയം; കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സമരം തുടരും

യാത്രക്കാരെ വലച്ച് കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്ക് തുടരും.

കൊച്ചി: യാത്രക്കാരെ വലച്ച് കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്ക് തുടരും. ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരാന്‍ ഡ്രൈവര്‍മാര്‍ തീരുമാനിച്ചത്. അതേസമയം സംസ്ഥാനത്തെ മോട്ടോര്‍ വാഹന നിയമത്തിന്റെ കീഴില്‍ വരാത്തതിനാല്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.

ഓണ്‍ലൈന്‍ കമ്പനികള്‍ ഈടാക്കുന്ന അമിത കമ്മീഷമന്‍ ഒഴിവാക്കുക, സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ രാത്രിയാണ് യൂബര്‍, ഒല സമരം ആരംഭിച്ചത്. സമരത്തില്‍ കൊച്ചിയിലെ നാലായിരത്തിലധികം ഓണ്‍ലൈന്‍ ടാക്‌സികള്‍ പങ്കെടുക്കുന്നുണ്ടെന്നാണ് യൂണിയനുകള്‍ അറിയിച്ചത്.

നേരത്തെ, ഓണ്‍ലൈന്‍ ടാക്‌സി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഗതാഗത മന്ത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിന് തൊഴിലാളികള്‍ തയ്യാറായത്.

Exit mobile version