സംസ്ഥാനത്ത് ഇന്നും നാളെയും പെരുമഴ; 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും പെരുമഴയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

ഇന്ന് രാത്രിയോടെ ആന്ധ്രാപ്രദേശിലെ നരസ്പുരിനും വിശാഖപ്പട്ടണത്തിനും ഇടയില്‍ ന്യൂനമര്‍ദം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒഡീഷ, തീരദേശ ആന്ധ്ര, ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.

Exit mobile version