പ്രവേശനം 50 ശതമാനം തൊഴിലാളികള്‍ക്ക് മാത്രം; കോഴിക്കോട് ജില്ലയിലെ ഹാര്‍ബറുകളും ഫിഷ് ലാന്റിംഗ് സെന്ററുകളും തുറക്കാന്‍ അനുമതി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തീരപ്രദേശങ്ങളിലും മത്സ്യബന്ധന തുറമുഖങ്ങളിലും കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ ജില്ലയിലെ ഹാര്‍ബറുകളും
ഫിഷ് ലാന്റിംഗ് സെന്ററുകളും തുറക്കാന്‍ അനുമതി നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ഹാര്‍ബറുകളുടെ പ്രവര്‍ത്തനം. 50 ശതമാനം തൊഴിലാളികള്‍ക്ക് മാത്രമേ ഒരു ദിവസം ഹാര്‍ബറില്‍ ജോലി ചെയ്യാന്‍ അനുമതിയുള്ളൂ.

തുടര്‍ച്ചയായി ഹാര്‍ബറുകള്‍ അടച്ചിടുന്നതിലൂടെ നിരവധി പേരുടെ ഉപജീവനമാര്‍ഗം തടസപ്പെടുന്നതിനും തീരമേഖലയില്‍ ജനജീവിതം ദുരിതത്തിലാക്കുന്നതിനും കാരണമാകുന്നുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ജില്ലയിലെ ഹാര്‍ബറുകളും ഫിഷ് ലാന്റിംഗ് സെന്ററുകളും തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

അതേസമയം ഹാര്‍ബറുകളിലേക്ക് തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളൂ. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുമതിക്കില്ല. ഹാര്‍ബറിനകത്ത് ഒരു മീറ്റര്‍ സാമുഹിക അകലം പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. തൊഴിലാളികള്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കും. തൊഴിലാളികള്‍ക്ക് ആവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍ മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ നിര്‍ബന്ധമായും ബോട്ടുടമകള്‍ നല്‍കിയിരിക്കണം.

Exit mobile version