സ്ഥാനാര്‍ത്ഥിയുടെ പാര്‍ട്ടിയും ചിഹ്നവും പതിച്ച് മാസ്‌ക്; കൊവിഡ് കാലത്ത് തെരഞ്ഞെടുപ്പ് പ്രചാരണ രീതികളിലും മാറ്റം

കോട്ടയം: കൊവിഡ് എന്ന മഹാമാരി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ മാറ്റം ചെറുതല്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് കാലത്തെ കൂടി മഹാമാരി വരുത്തിയ മാറ്റം ഏറെ വ്യത്യസ്തമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇനി ഇറങ്ങാന്‍ പോകുന്നത് പാര്‍ട്ടിയും ചിഹ്നവും ആലേപനം ചെയ്യുന്ന മാസ്‌ക് ആണ്.

വോട്ടുചോദിച്ച് വീട്ടിലെത്തുന്നവരുടെ മുഖം നോക്കിയറിയാം പാര്‍ട്ടിയും ചിഹ്നവും ഏതെന്ന്. സ്ഥാനാര്‍ത്ഥിയുടെ പാര്‍ട്ടിയും, ചിഹ്നവും പതിച്ച മാസ്‌ക് പ്രവര്‍ത്തകര്‍ക്ക് നല്‍കാനാണ് തീരുമാനം. ഇനി സ്ഥാനാര്‍ത്ഥിയെക്കൂടി തീരുമാനിച്ചാല്‍ അവരുടെ ചിരിച്ചിത്രം പതിച്ച മാസ്‌കും റെഡി. പതിവു തെരഞ്ഞെടുപ്പ് പ്രചാരണ രീതികളിലാണ് ഇതോടെ ഇത്തവണ മാറ്റം വരുന്നത്.

കൂട്ടത്തോടെ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തുന്നതിനു പകരം കൊവിഡ് മാനദണ്ഡം പാലിച്ച് കുറച്ചു പ്രവര്‍ത്തകരെ ഉപയോഗിച്ച് സ്ഥാനാര്‍ത്ഥിയും ചിഹ്നവും സമ്മതിദായകരില്‍ എത്തിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ പതിപ്പിച്ച മാസ്‌ക്കുകള്‍ ഇതിനോടകം വിപണിയില്‍ എത്തിയിട്ടുണ്ട്.

മാസ്‌കിന്റെ ഒരുവശത്ത് സ്ഥാനാര്‍ത്ഥിയുടെ പേരും ചിത്രവും പ്രിന്റ് ചെയ്യാം. ഇത്തരം മാസ്‌കിന് ഒന്നിന് അമ്പതുരൂപയാണ് വില. കൂടുതല്‍ എണ്ണം എടുത്താന്‍ 15 രൂപക്കും ഇവ ലഭ്യമാണ്. തുണിയില്‍ നിര്‍മിക്കുന്ന മാസ്‌കില്‍ ഹീറ്റ്ചെയ്താണ് പ്രിന്റ് ചെയ്യുന്നത്. അതിനാല്‍ കഴുകിയാലും ചിഹ്നം മാഞ്ഞുപോകില്ലെന്ന് മാസ്‌ക് നിര്‍മ്മാതാക്കളും പറയുന്നു.

Exit mobile version