സ്മിത മേനോനെ വി മുരളീധരൻ അബുദാബിയിലെ ചർച്ചയിൽ പങ്കെടുപ്പിച്ചത് എന്തിന്? പ്രോട്ടോക്കോൾ ലംഘനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

സ്മിത മേനോനെ വി മുരളീധരൻ അബുദാബിയിലെ ചർച്ചയിൽ പങ്കെടുപ്പിച്ചത് എന്തിന്? പ്രോട്ടോക്കോൾ ലംഘനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി; പൊളിയുന്നത് സഹമന്ത്രിയുടെ വാദങ്ങൾ

Smitha Menon12 | Kerala News

ന്യൂഡൽഹി: അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ പിആർ ഏജൻസി ഉടമ സ്മിതാ മേനോനെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പങ്കെടുപ്പിച്ച സംഭവം വൻവിവാദമാകുന്നു. നേരത്തെ മന്ത്രി ഇക്കാര്യം ന്യായീകരിച്ച് രംഗത്തെത്തിയിരുന്നെങ്കിലും സ്മിതാ മേനോനെ വിദേശയാത്രയിൽ ഒപ്പം കൂട്ടിയത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. മന്ത്രിതല ചർച്ചയിലടക്കം സ്മിത മേനോൻ പങ്കെടുത്തതിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്ന പരാതിയെ തുടർന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരണം തേടിയത്.

വിദേശ കാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി കൂടിയായ അരുൺ കെ ചാറ്റർജിയോട് ഇത് സംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് പിഎംഒ ആവശ്യപ്പെട്ടിട്ടുള്ളത്. വിദേശകാര്യമന്ത്രാലവുമായി ബന്ധപ്പെട്ട പാസ്‌പോർട്ട് സേവാകേന്ദ്രത്തിന്റെ കൂടെ ചുമതലയുള്ള അണ്ടർ സെക്രട്ടറിയാണ് അരുൺ ചാറ്റർജി. എങ്ങനെ സ്മിതാ മേനോൻ മന്ത്രിക്കൊപ്പം യാത്ര ചെയ്തു, വിസ കാര്യങ്ങൾ എങ്ങനെയായിരുന്നു എന്നതൊക്കെ സംബന്ധിച്ച് വിശദമായ അന്വേഷണം ഉണ്ടാവുമെന്നാണ് അറിയുന്നത്.

2019ലായിരുന്നു 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടിയ വേദിയിൽ ഔദ്യോഗിക പ്രതിനിധിപോലും അല്ലാത്ത യുവതിയും പങ്കെടുത്തത്. വി മുരളീധരൻ മുൻകൈയ്യെടുത്തായിരുന്നു സ്മിത മേനോനെ ചർച്ചയിൽ പങ്കെടുപ്പിച്ചതെന്ന് പിന്നീട് വ്യക്തമായിരുന്നു. മന്ത്രിയും ഇക്കാര്യം തുറന്നു സമ്മതിച്ചിരുന്നു. സ്മിത മേനോൻ പങ്കെടുക്കട്ടേയെന്ന് അനുവാദം ചോദിച്ചെന്നും മാധ്യമപ്രവർത്തക എന്ന നിലയിൽ അവരെ പങ്കെടുപ്പിക്കുകയായിരുന്നെന്നുമാണ് വി മുരളീധരൻ മുമ്പ് മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നത്.

ഇതിന് പിന്നാലെ, അടുത്തിടെ പ്രഖ്യാപിച്ച മഹിളാ മോർച്ച ഭാരവാഹി പട്ടികയിൽ സ്മിത മേനോനെ സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളായും തെരഞ്ഞെടുത്തിരുന്നു, ഇതോടെയാണ് സംഭവം വലിയ മാധ്യമ ശ്രദ്ധയാകർഷിച്ചത്. ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂരായിരുന്നു ആദ്യം പരാതിയുമായി എത്തിയത്. തുടർന്ന് ഇത് രാഷ്ട്രീയ വിവാദമായതോടെ പ്രധാനമന്ത്രിക്ക് മുന്നിൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പരാതിയുമെത്തി.

മുതിർന്ന ബിജെപി നേതാക്കൾക്ക് പോലും അറിയാത്ത സ്മിതാ മേനോൻ എങ്ങനെ മഹിളാമോർച്ചയുടെ പ്രധാന സ്ഥാനത്ത് എത്തിയെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. മാത്രമല്ല ഇവരെ രാജ്യ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ പങ്കെടുപ്പിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്നും നയന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും ആക്ഷേപമുണ്ട്.

Exit mobile version