മുസ്ലിം ലീഗില്‍ നിന്ന് മൂന്നുതവണ എംഎല്‍എമാരായവര്‍ ഇനിയും മത്സരിക്കേണ്ട;നിലപാടറിയിച്ച് കെഎം ഷാജി

മലപ്പുറം: മൂന്നുതവണ എം.എല്‍.എമാരായവര്‍ മുസ്ലിം ലീഗില്‍ നിന്ന് ഇനിയും മത്സരിക്കരുതെന്ന് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. അതേസമയം, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ലീഗ് നേതൃത്വമാണന്ന് എം.എല്‍.എ കൂടിയായ കെ.എം.ഷാജി വ്യക്തമാക്കി.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് മൂന്നില്‍ കൂടുതല്‍ തവണ വിജയിച്ചവര്‍ ഇനി മത്സരിക്കേണ്ടന്ന തീരുമാനം ചൂണ്ടിക്കാട്ടിയാണ് കെ.എം ഷാജി നിലപാട് പറഞ്ഞത്. മൂന്നോ അതിലധികമോ തവണ നിയമസഭയിലേക്ക് പോയ ആറ് എം.എല്‍.എമാരാണ് നിലവില്‍ ലീഗിനുള്ളത്.

നിലവിലുള്ളതില്‍ എം.കെ മുനീര്‍, പി .കെ അബ്ദുറബ്ബ്, വി കെ ഇബ്രാഹിംകുഞ്ഞ്, കെഎന്‍എ ഖാദര്‍, അഡ്വ.എം ഉമ്മര്‍, സി മമ്മൂട്ടി എന്നിവരാണ് മുന്നോ അതിലധികമോ തവണ എംഎല്‍മാരായവര്‍.നിയമസഭയിലേക്ക് മത്സരിക്കുമെന്ന് ഏറെക്കുറേ വ്യക്തമായ പി കെ കുഞ്ഞാലിക്കുട്ടിയും, കെ.പി.എ മജീദും മുമ്പ് 3ലധികം തവണ എംഎല്‍എമാരായിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുന്നോട്ട് പോകുമ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടിക്കും എം.കെ മുനീറിനും ഇളവുണ്ടാകാനാണ് സാധ്യത. മൂന്നിലധികം തവണ എം.എല്‍.എമാരായവര്‍ മത്സരിക്കേണ്ടന്ന തീരുമാനം വന്നാല്‍ കൂടുതല്‍ യുവാക്കള്‍ക്ക് അവസരം കിട്ടുമെന്നതിനാല്‍ യൂത്ത് ലീഗും കെ.എം ഷാജിയുടെ നിലപാടിനൊപ്പമാണ്.
്‌

Exit mobile version