കണ്ണൂര്‍ വിമാനത്താവളത്തിലെ വൈവിധ്യ കാഴ്ചകള്‍ക്കൊപ്പം ഇനി കൈത്തറി യന്ത്രവും

കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജിയുടെ നേതൃത്വത്തിലാണ് കൈത്തറി യന്ത്രം വിമാനത്താവള ടെര്‍മിനലില്‍ സ്ഥാപിച്ചത്

മട്ടന്നൂര്‍: വൈവിധ്യമായ കാഴ്ച്ചകള്‍ ഒരുക്കി ഉദ്ഘാടനത്തിന് മുന്‍പേ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് കണ്ണൂര്‍ വിമാനത്താവളം. അക്കൂട്ടത്തിലേക്ക് കൈത്തറിയില്‍ കണ്ണൂരിന്റെ പാരമ്പര്യം വിദേശയാത്രക്കാര്‍ക്ക് മനസ്സിലാക്കാന്‍ ഇനി മുതല്‍ കൈത്തറി യന്ത്രവും ഉണ്ടാവും. കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജിയുടെ നേതൃത്വത്തിലാണ് കൈത്തറി യന്ത്രം വിമാനത്താവള ടെര്‍മിനലില്‍ സ്ഥാപിച്ചത്.

മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക പാരമ്പര്യം വിവരിക്കുന്ന ചുമര്‍ചിത്രങ്ങളും മറ്റ് കലാരൂപങ്ങളുമാണ് കണ്ണൂര്‍ വിമാനത്താവള ടെര്‍മിനലില്‍ യാത്രക്കാരെ വരവേല്‍ക്കുക.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയിലെ വിദഗ്ധ സംഘമാണ് തേക്കുമരത്തില്‍ കൈത്തറി യന്ത്രം തയ്യാറാക്കിയത്. കൈത്തറി രംഗത്തെ വിദഗ്ധ തൊഴിലാളികളുടെ സഹകരണത്തോടെയാണ് ഇത് തയ്യാറാക്കിയത്. വിമാനത്താവള ഉദ്ഘാടന ദിവസമായ ഡിസംബര്‍ ഒന്‍പതിന് മന്ത്രി ഇപി ജയരാജന്‍ കൈത്തറി യന്ത്ര മാതൃക അനാവരണംചെയ്യും.

Exit mobile version