അവസാന പരീക്ഷയ്ക്ക് തൊട്ടുമുമ്പ് കൊവിഡ് സ്ഥിരീകരിച്ചു; ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ പരീക്ഷയെഴുതി യുവാവ്

കോട്ടയം: കൊവിഡ് പോസിറ്റീവായ യുവാവ് ആംബുലൻസിൽ ഇരുന്ന് പരീക്ഷയെഴുതി. ഹയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ (എച്ച്ഡിസി) പരീക്ഷയുടെ അവസാന ദിവസത്തെ പരീക്ഷയാണ് ആർപ്പൂക്കര സ്വദേശിയായ യുവാവ് എഴുതിയത്. തിരുനക്കര എൻഎസ്എസ് കോഓപ്പറേറ്റീവ് കോളജിലെ വിദ്യാർത്ഥിയാണ്. എംജി സർവകലാശാലയുടെ ക്യാംപസിനു സമീപത്തെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് പരീക്ഷയ്ക്കായി ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ 108 ആംബുലൻസിൽ എത്തി പരീക്ഷ എഴുതിയത്.

ഇന്നലെ രാവിലെ ചികിത്സാ കേന്ദ്രത്തിൽ നിന്നു യുവാവിനെ തിരുനക്കര വടക്കേനടയിൽ കൂടി പരീക്ഷാകേന്ദ്രത്തിനു സമീപം എത്തിച്ചു. 11 മുതൽ ഒരുമണി വരെയായിരുന്നു സമയം. പരീക്ഷയുടെ ചുമതലയുള്ള അധ്യാപകൻ ചോദ്യക്കടലാസ് ആരോഗ്യ പ്രവർത്തകർക്കു നൽകി. ഇവ യുവാവിനു കൈമാറി.

പരീക്ഷ പൂർത്തിയാക്കിയ ഉടൻ ആംബുലൻസിൽ തന്നെ തിരികെ ട്രീറ്റ്‌മെന്റ് സെന്ററിൽ എത്തിച്ചു. കഴിഞ്ഞ 22നാണ് എച്ച്ഡിസി പരീക്ഷ ആരംഭിച്ചത്. ആകെ 5 ദിവസത്തെ പരീക്ഷയാണ് ഉണ്ടായിരുന്നത്. അവധി ദിവസങ്ങൾ കഴിഞ്ഞ് അവസാനദിവസത്തെ ‘കംപ്യൂട്ടർ’ പരീക്ഷ മാത്രം ശേഷിക്കെയാണു കൊവിഡ് ബാധിച്ചത്.

Exit mobile version