സംസ്ഥാനത്ത് കൊവിഡ് ജാഗ്രതയില്‍ കുറവുണ്ടായി, മരണനിരക്ക് വര്‍ധിക്കാന്‍ സാധ്യത; മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രതയില്‍ കുറവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ടാണ് വ്യാപനം കൂടിയതെന്നും പക്ഷേ നേരത്തെയുണ്ടായിരുന്ന നില തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോള്‍ മരണനിരക്കും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കര്‍ശനമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യവകുപ്പ് പുഴുവരിച്ചു എന്നു പറഞ്ഞ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. വിദഗ്ദ്ധര്‍ എന്നു പറയുന്നവര്‍ നാടിനെ തെറ്റിദ്ധരിപ്പിക്കരുത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദഗ്ദ്ധരെ സര്‍ക്കാര്‍ സ്വയം ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ വിദഗ്ദ്ധര്‍ എന്നു സ്വയം കരുതുന്നവരെ ആരോഗ്യവകുപ്പ് ബന്ധപ്പെട്ടിട്ടില്ല. ആരോഗ്യവകുപ്പ് പുഴുവരിച്ചു എന്നു പറയണമെങ്കില്‍ പറയുന്നവരുടെ മനസ് പുഴുവരിച്ചതായിരിക്കും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് എന്തെങ്കിലും വീഴ്ച പറ്റിയെങ്കില്‍ ആ വീഴ്ച എന്താണെന്ന് സര്‍ക്കാരിനെ നേരിട്ടറിയിക്കുകയാണ് വേണ്ടത്. തെറ്റുകളും കുറവുകളും നികത്താന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും എടുത്തിട്ടുണ്ട്. ഇത്തരം പ്രസ്താവനകള്‍ ഇറക്കിയവര്‍ക്ക് വേറെയെന്തെങ്കിലും ഉദ്ദേശം ഉണ്ടായിരിക്കുമെന്നും എന്നാല്‍ ഇതൊന്നും കേരളത്തില്‍ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിനെതിരായി ചിലര്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ ഉചിതമായതാണോ എന്ന് ആരോപണം ഉന്നയിക്കുന്നവര്‍ സ്വയം പരിശോധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version