സ്വർണ്ണക്കടത്ത് കേസ്; കുറ്റപത്രം സമർപ്പിച്ചില്ല; സ്വപ്‌ന സുരേഷിന് ജാമ്യം

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് വഴി സ്വർണ്ണം കടത്തിയ സംഭവത്തിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി സ്വപ്ന സുരേഷിന് ജാമ്യം. അറസ്റ്റ് രേഖപ്പെടുത്തി 60 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.

എന്നാൽ, എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ ആയതിനാൽ സ്വപ്നയ്ക്ക് ജയിൽ മോചിതയാകാൻ കഴിയില്ല. സ്വപ്ണയ്‌ക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകളാണ് എൻഐഎ ചുമത്തിയിരിക്കുന്നത്. സ്വപ്‌നയക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വർണക്കടത്തുകേസിലെ പതിനേഴ് പ്രതികളിൽ പത്തുപേർക്കാണ് ഇതുവരെ ജാമ്യം ലഭിച്ചത്.
നേരത്തെ, കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ കെടി റമീസ് ഉൾപ്പടെയുള്ള മറ്റ് പ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നു. സ്വർണ്ണക്കടത്തുകേസിൽ ആദ്യം കസ്റ്റംസ് ആണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.

മുമ്പ്, സ്വപ്‌ന സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെ നൽകിയ അപേക്ഷയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. സ്വപ്നക്ക് വേണ്ടി അഭിഭാഷകനായ ജിയോ പോളാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.

Exit mobile version