ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; ചുഴലിക്കാറ്റായി മാറാന്‍ സാധ്യത, സംസ്ഥാനത്ത് വീണ്ടും മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപം കൊള്ളുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്നാകും പുതിയ ന്യൂനമര്‍ദം രൂപപ്പെടുക.

ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ വീണ്ടും മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്ന് രൂപപ്പെടുന്ന പുതിയ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് വടക്ക് -പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കും.

ന്യൂനമര്‍ദം ആന്ധ്ര- ഒഡീഷ തീരത്തേക്ക് സഞ്ചരിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തീവ്ര ന്യൂനമര്‍ദം ആയേക്കും. ഇത് ചിലപ്പോള്‍ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

Exit mobile version