അലോയി വീലിന് പിഴയിട്ടെന്ന പേരില്‍ വ്യാജപ്രചാരണം; സംഗീതസംവിധായകന്‍ സൂരജ് എസ് കുറുപ്പിന് ചുട്ടമറുപടിയുമായി മോട്ടോര്‍വാഹനവകുപ്പ്, വീഡിയോ

വാഹനത്തിന് അന്യായമായി പിഴയീടാക്കിയെന്നാരോപിച്ച് മോട്ടോര്‍ വാഹനവകുപ്പിനെതിരെ സംഗീതസംവിധായകന്‍ സൂരജ് എസ്. കുറുപ്പ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സൂരജിന് കണക്കിന് മറുപടി നല്‍കി ഒരു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

സൂരജ് കാറില്‍ ചാരി നില്‍ക്കുന്നതിന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് വിഡിയോ തയാറാക്കിയത്. ചിത്രത്തില്‍ സൂരജിന്റെ മുഖം മറച്ചിരിക്കുന്നതും കാണാം. അനുവദനീയമല്ലാത്തതും വായിക്കാന്‍ പ്രയാസമുള്ളതുമായ നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിച്ചതിനാണ് പിഴ ഈടാക്കിയതെന്ന് വിഡിയോ സന്ദേശത്തില്‍ പറയുന്നത്.

താന്‍ ചെയ്തത് തെറ്റാണെന്ന് അറിയാമായിരുന്നിട്ടും സൂരജ് വ്യാജ പ്രചാരണം നടത്തുകയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാണിച്ചു. കാറില്‍ അലോയ് വീല്‍ ഘടിപ്പിച്ചതിനാണ് തനിക്കു പിഴ ചുമത്തിയതെന്ന് കാണിച്ചായിരുന്നു സൂരജ് രംഗത്തുവന്നത്.

പിഴത്തുക സംബന്ധിച്ച വിവരം എസ്എംഎസ് ആയി അയച്ചു കൊടുത്തു. ആ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്താണ് സൂരജ് പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ വിഡിയോ പുറത്തുവന്നത്. മറ്റൊരു കുറ്റത്തിനാണ് പിഴയീടാക്കിയതെന്നും സൂരജ് നടത്തുന്നത് വ്യാജ രോഷ പ്രകടനമാണെന്നും വിഡിയോയില്‍ പറയുന്നു.

വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും എംവിഡി (ഇ-ചലാന്‍) എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം പൂര്‍ണമായും സുതാര്യമാണെന്നും ഈ സംവിധാനത്തിലൂടെ ജനങ്ങള്‍ക്കു ലഭിക്കുന്ന സൗകര്യങ്ങള്‍ എന്തൊക്കെയാണെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

Exit mobile version