കൊവിഡ് രോഗിയെ പുഴുവരിച്ച നിലയിൽ ഡിസ്ചാർജ്ജ് ചെയ്ത സംഭവം: ഡോക്ടർ ഉൾപ്പടെ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയ്ക്ക് ശേഷം നെഗറ്റീവായി വീട്ടിലെത്തിച്ച രോഗിയെ ശരീരത്തിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് ആരോഗ്യപ്രവർത്തകർക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സയ്ക്കിടെ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിലാണ് ഡോക്ടർ ഉൾപ്പടെ മൂന്ന് പേർക്ക് സസ്‌പെൻഷൻ നൽകിയിരിക്കുന്നത്. നോഡൽ ഓഫീസറായ ഡോ. അരുണ, ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചൻ, കെവി രജനി എന്നിവരെയാണ് ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തത്.

മെഡിക്കൽ വിദ്യാഭ്യാസ ഓഫീസറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ കുറിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഓഫീസർ വിശദമായി അന്വേഷണം നടത്തും. ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

അതേസമയം, സംഭവത്തിൽ യഥാർത്ഥ ഉത്തരവാദികളെ ഒഴിവാക്കിയാണ് ആരോഗ്യവകുപ്പ് നടപടിയെടുത്തതെന്ന വിമർശനവും ഇതിനിടെ ഉയർന്നിട്ടുണ്ട്. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സംഘടനകൾ ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ചു.

ആഗസ്റ്റ് 21ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാർ ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയപ്പോഴാണ് ശരീരത്തിൽ പുഴുവരിച്ചത് ബന്ധുക്കൾ കണ്ടെത്തിയത്. വീഴ്ചയിലേറ്റ പരിക്കുകളെ തുടർന്നാണ് ഓഗസ്റ്റ് 21ന് അനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയവെ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ബന്ധുക്കളോട് നിരീക്ഷണത്തിൽ പോകാനും അധികൃതർ നിർദേശിച്ചു. പിന്നീട് കൊവിഡ് നെഗറ്റീവായ അനിൽകുമാറിനെ ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തിച്ച അനിൽകുമാറിന്റെ ശരീരത്തിൽനിന്നും ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ദേഹമാസകലം പുഴുവരിക്കുന്നത് കണ്ടത്. തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രിക്ക് കുടുംബം പരാതി നൽകുകയായിരുന്നു.

Exit mobile version