മതം ഒഴിവാക്കി ജാതി സർട്ടിഫിക്കറ്റ് നൽകാതെ അധികൃതർ; വീണ്ടും താലൂക്ക് ഓഫീസിന് മുന്നിൽ സമരമിരുന്ന് വിദ്യാർത്ഥിനിയും കുടുംബവും

റാന്നി: പിന്നോക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയുടേയും സഹോദരന്റേയും പഠനാവശ്യത്തിനായി മതം ഒഴിവാക്കി ജാതി സർട്ടിഫിക്കറ്റ് നൽകാതെ അധികൃതരുടെ അനാസ്ഥ. ജാതി സർട്ടിഫിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് റാന്നി താലൂക്ക് ഓഫീസിനു മുമ്പിൽ കുടുംബം വീണ്ടും സമരം തുടങ്ങി.

തിങ്കളാഴ്ച വടശ്ശേരിക്കര തകിടിയിൽ കേശവദേവ്, ബന്ധുക്കളായ വിജയകുമാർ, ഭാര്യ ശോഭന, മക്കളായ നേഹ ടി വിജയ്, നിസൺ ടി വിജയ് എന്നിവർ താലൂക്ക് ഓഫീസിന് മുന്നിൽ സമരം നടത്തിയിരുന്നു. തുടർന്ന് ബുധനാഴ്ച പ്രശ്‌നം പരിഹരിക്കാം എന്ന് കളക്ടർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് കേശദേവ് പറയുന്നു.

എന്നാൽ, ബുധനാഴ്ചയും അനുകൂല നടപടി ഉണ്ടാകാഞ്ഞതിൽ പ്രതിഷേധിച്ച് കുടുംബം വീണ്ടും താലൂക്ക് ഓഫീസിനു മുമ്പിൽ വ്യാഴാഴ്ച സമരം തുടങ്ങി. നേഹയ്ക്കു ഡിഗ്രിക്കും നിസണ് പ്ലസ് ടു പ്രവേശനത്തിനും അപേക്ഷ നൽകിയിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നാണ് പരാതി. മതം ചേർക്കാതെ പട്ടികജാതി സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്നാണ് തഹസിൽദാർ നവീൻ ബാബു അറിയിച്ചത്.

ജൂണിൽ നൽകിയ അപേക്ഷ നിരസിച്ച് മറുപടി നൽകിയിട്ടുണ്ട്. നേരത്തേ മതം ചേർക്കാതെ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും അങ്ങനെ തുടരണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. അപേക്ഷ നിരസിച്ചപ്പോൾ കളക്ടർക്ക് അപ്പീൽ നൽകിയിട്ടുണ്ട്. മനുഷ്യാവകാശ കമീഷന്റെയും ബാലാവകാശ കമീഷന്റെയും ഉത്തരവ് ഉണ്ടെന്നാണ് കുടുംബം പറയുന്നത്.

മതമില്ലാതെ ജാതി സർട്ടിഫിക്കറ്റ് കിട്ടുന്നതുവരെ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നേഹക്ക് ലഭിച്ച എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ മതത്തിന് പകരം സെക്കുലർ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2017 ൽ താലൂക്കിൽ നിന്ന് മതം ഒഴിവാക്കി ലഭിച്ച സാക്ഷ്യപത്രവും ഉണ്ട്.

Exit mobile version