സുഭിക്ഷ കേരളത്തിന്റെ ഭാഗമായി 215 കോടി രൂപയുടെ പദ്ധതി ക്ഷീരമേഖലയില്‍ നടപ്പാക്കും; മുഖ്യമന്ത്രി

തിരുവന്തപുരം: സുഭിക്ഷ കേരളത്തിന്റെ ഭാഗമായി 215 കോടി രൂപയുടെ പദ്ധതി ക്ഷീരമേഖലയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി നബാര്‍ഡിന്റെ വായ്പ ലഭിക്കും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് കന്നുകാലികളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംയോജിത ക്ഷീരവികസന പദ്ധതിയായ ക്ഷീരഗ്രാമം 25 പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിച്ചതിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ 53 പഞ്ചായത്തുകള്‍ക്കാണ് നിലവില്‍ ക്ഷീരഗ്രാമത്തിന്റെ ഗുണഫലം ലഭിക്കുന്നത്. തിരഞ്ഞെടുത്ത പഞ്ചായത്തുകള്‍ക്ക് 50 ലക്ഷം രൂപ വീതമാണ് ചെലവഴിച്ചത്. ക്ഷീരമേഖലയിലെ ഇടപെടലിന്റെ ഭാഗമായി നിര്‍ണായക നേട്ടം കൈവരിക്കാനായി. സംസ്ഥാനത്ത് 87 ലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം വേണ്ടത്. 82 ലക്ഷം ലിറ്റര്‍ പാല്‍ ആഭ്യന്തരമായി ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് അഭിമാനകരമായ നേട്ടമാണ്.

ഇതുവരെ 3140 കറവപശുക്കളെയും 535 കിടാരികളെയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു. ഉരുക്കളുടെ എണ്ണം വര്‍ധിപ്പിച്ച് പാല്‍ ഉത്പാദനം വര്‍ധിപ്പിക്കാനായി. പ്രളയം, കാലവര്‍ഷം, മറ്റു ദുരന്തങ്ങള്‍, കൊവിഡ് തുടങ്ങിയ പ്രതിസന്ധികളില്ലായിരുന്നെങ്കില്‍ പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തതയെന്ന ലക്ഷ്യം കൈവരിച്ചേനെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതിയ സംരംഭകര്‍ക്ക് രണ്ടു പശുക്കളെ വീതം ലഭിക്കുന്നതിനും അഞ്ച് പശുക്കള്‍ വീതമുള്ള ഡെയറി യൂണിറ്റ് സ്ഥാപിക്കാന്‍ അവസരം ലഭിക്കുകയും നിലവിലെ കര്‍ഷകര്‍ക്ക് പശുക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ധനസഹായം ലഭ്യമാക്കുകയും ചെയ്യുന്നു. പശുവിനൊപ്പം കിടാരികളെ വാങ്ങാന്‍ ധനസഹായം നല്‍കുന്ന കോമ്പോസിറ്റ് ഡെയറി യൂണിറ്റ് പദ്ധതിയും ഇതിന്റെ ഭാഗമാണ്. നിരവധി ചെറുപ്പക്കാരും വിദേശത്ത് നിന്ന് കൊവിഡ് പ്രതിസന്ധി മൂലം നാട്ടില്‍ മടങ്ങിയെത്തിയവരും ഈ പദ്ധതിയിലേക്ക് കടന്നുവന്നിട്ടുണ്ട്.

ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ട് പാല്‍ സംഭരണം, സൂക്ഷിപ്പ്, ശീതീകരണം, വിതരണം എന്നിവയെല്ലാം ഉറപ്പുവരുത്തുന്നതിന് ഹൈജീനിക് മില്‍ക്ക് കളക്ഷന്‍ മുറികള്‍ മികച്ച രീതിയില്‍ സജ്ജമാക്കേണ്ടതുണ്ട്. ക്ഷീരസംഘങ്ങളാണ് ഇത് ചെയ്യേണ്ടത്. ഇതിനായി 294 ക്ഷീരസംഘങ്ങള്‍ക്ക് ധനസഹായം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. 114 പുതിയ ക്ഷീര സഹകരണ സംഘങ്ങള്‍ ആരംഭിച്ചു. നിര്‍ജീവമായിരുന്ന 113 സംഘങ്ങള്‍ പുനരാരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ക്ഷീര വികസന മന്ത്രി കെ. രാജു അധ്യക്ഷത വഹിച്ചു.

Exit mobile version