സങ്കടക്കടല്‍ താണ്ടി ഇത്തവണയും കലോത്സവത്തില്‍ മീനുവിന്റെ ചിലങ്കയുടെ പൊട്ടിച്ചിരി; ആരും തുണയ്ക്കാതിരുന്നിട്ടും അച്ഛന്‍ ഉപേക്ഷിച്ച് പോയ മകളുടെ കലയ്ക്ക് വേണ്ടി വീട് പോലും നഷ്ടപ്പെടുത്തി ഈ അമ്മ

മീനുവും അമ്മയും കലയോടൊപ്പം നടത്തുന്ന അതിജീവനമാണ് ഈ കലോത്സവത്തിലും കാണാനാവുക.

ആലപ്പുഴ: പ്രളയമെടുത്ത കേരളത്തിന്റെ അതിജീവനത്തിന്റെ നേര്‍ക്കാഴ്ചകളുമായി കലോത്സവം ഉണരുമ്പോള്‍ വേദിയില്‍ മീനുവും അവളുടെ പൊട്ടിച്ചിരിക്കുന്ന ചിലങ്കയുമുണ്ടാകും. മീനുവും അമ്മയും കലയോടൊപ്പം നടത്തുന്ന അതിജീവനമാണ് ഈ കലോത്സവത്തിലും കാണാനാവുക. വലിയ സങ്കടക്കടല്‍ തുഴഞ്ഞുകയറിയാണു മീനു വരുന്നത്. ചിലങ്കയുടെ പൊട്ടിച്ചിരിക്കു പിന്നില്‍ അടക്കിപ്പിടിച്ച വേദനകളുടെ ഒരുപാട് കഥകളുണ്ട്.

തൃശ്ശൂര്‍ സ്‌കൂള്‍ കലോത്സവത്തിനിടെയായിരുന്നു മീനു ശ്രദ്ധേയയായത്. വീടുവിറ്റു പണം കണ്ടെത്തി തൃശ്ശൂരിലെ കലോത്സവവേദിയിലെത്തിയ മീനുവും അമ്മയും കലാസ്‌നേഹികളുടെ കണ്ണുകള്‍ നിറച്ചു. അച്ഛനുപേക്ഷിച്ച് പോയ മീനുവിനെ വളര്‍ത്തിയെടുത്ത് അവളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയ അമ്മ സീമയ്ക്ക് പകരം നല്‍കാന്‍ കേരളനടനത്തിലെ എ ഗ്രേഡ് മാത്രമെ ഈ കൗമാരക്കാരിക്ക് സ്വന്തമായി ഉണ്ടായിരുന്നുള്ളു.

ആലപ്പുഴ സെന്റ് ജോസഫ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മീനു ജില്ലാതലത്തിലെ ഒന്നാം സ്ഥാനത്തിന്റെ കരുത്തിലാണ് സംഘനൃത്തം വേദിയിലെത്തുക. കേരളനടനം, നാടോടിനൃത്തം വേദികളിലെത്താന്‍ കോടതിയുടെ അനുമതിയാണു തുണ.

മീനുവിന്റെ രണ്ടാം വയസിലാണ് അച്ഛന്‍ ഉപേക്ഷിച്ചുപോയത്. പിന്നീട് അമ്മ സീമയായിരുന്നു അച്ഛനുമമ്മയും. മകള്‍ തൃശൂരിലെ വേദിയില്‍ ഗ്രേഡിന്റെ തിളക്കത്തില്‍നില്‍ക്കുമ്പോള്‍ ഇനിയെവിടെ തലചായ്ക്കുമെന്ന ആധിയിലായിരുന്നു സീമ. മാരാരിക്കുളത്ത് അമ്മാവന്റെ വീടാണ് ആശ്രയമായത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12-ാം വാര്‍ഡില്‍ കുടുംബസ്വത്തായി കിട്ടിയ രണ്ടര സെന്റില്‍ സിനിമാ അഭിനേതാക്കളുടെ സംഘടനയായ ”അമ്മ” വീടൊരുക്കിനല്‍കി. തുണിത്തരങ്ങള്‍ വീടുവീടാന്തരം കൊണ്ടുനടന്നു വിറ്റാണു സീമ മകളെ പഠിപ്പിക്കുന്നത്.

നൃത്തപരിശീലനത്തിനും അമ്മയുടെ വിയര്‍പ്പാണു താങ്ങ്. ഇത്തവണ ഉപജില്ലാ കലോത്സവത്തില്‍ മത്സരിച്ച ഇനങ്ങളിലെല്ലാം എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചെങ്കിലും ജില്ലാ കലോത്സവത്തില്‍ വ്യക്തിഗത ഇനങ്ങളില്‍ എ ഗ്രേഡ് മാത്രമേ ലഭിച്ചുള്ളൂ. സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയുടെ അനുമതി ലഭിച്ചത് ഇന്നലെ ഉച്ചയോടെയാണ്. അമ്പതിനായിരം രൂപ പലിശയ്ക്കെടുത്താണ് ഒരുക്കം.

മുഴുവന്‍ ചെലവും വഹിക്കാമെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നു സീമ പറഞ്ഞു. സെന്റ് ജോസഫ്സ് സ്‌കൂളിലെ അധ്യാപകരായ സിസ്റ്റര്‍ മേരി റോസ്, ഡാര്‍ഫിനി തുടങ്ങിയവരും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.

Exit mobile version