28 വർഷമായി നമ്മെ മണ്ടൻമാരാക്കുകയായിരുന്നു; ഈ വിധി പ്രതീക്ഷിച്ചത്; ലജ്ജിച്ച് തലകുനിക്കുന്നു: നടി രഞ്ജിനി

കൊച്ചി: ബാബ്‌റി മസ്ജിദ് കേസിൽ സിബിഐ പ്രത്യേക കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി നടി രഞ്ജിനി. ബാബ്‌റി മസിജിദ് തകർത്ത കേസിൽ ഇപ്പോൾ പുറത്ത് വന്ന വിധി പ്രതീക്ഷിച്ചതാണെന്നും കഴിഞ്ഞ 28 വർഷമായി നമ്മെ മണ്ടൻമാരാക്കുകയായിരുന്നുവെന്നും രഞ്ജിനിയുടെ പ്രതികരിച്ചു. ലജ്ജിച്ച് തലക്കുനിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട കോടതി ഉത്തരവിനെതിരെ സോഷ്യൽമീഡിയയിലും രോഷം ഉയരുകയാണ്. മസ്ജിദ് തകർത്തത് ആസൂത്രണം ചെയ്തിട്ടാണ് എന്ന് കരുതാൻ തെളിവില്ലെന്നും പെട്ടെന്നുണ്ടായ വികാരത്തിൽ ആൾക്കൂട്ടമാണ് മസ്ജിദ് തകർത്തതെന്നുമാണ് പ്രത്യേക സിബിഐ കോടതിയുടെ വിധിയിൽ പറയുന്നത്.

ഇന്ന് പതിനൊന്ന് മണിയോടെയാണ് ബാബ്‌റി മസ്ജിദ് തകർത്ത കേസിൽ കോടതി വിധി പറയാൻ ആരംഭിച്ചത്. കനത്ത സുരക്ഷാവലയത്തിലായിരുന്നു കോടതി പരിസരവും മസ്ജിദും പ്രദേശവും. കൊവിഡിന്റെ പശ്ചാത്തലത്തിൽ കേസിലെ കക്ഷികളെയും അവരുടെ അഭിഭാഷകരെയും ഒഴികെ മറ്റാരെയും കോടതിയിൽ പ്രവേശിപ്പിച്ചിരുന്നില്ല.

പള്ളി തകർത്ത സംഭവത്തിൽ പ്രോസിക്യൂഷന് ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് പ്രസ്താവിച്ച കോടതി ജീവിച്ചിരിക്കുന്ന പ്രതികളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി ഉൾപ്പെടെ 32 പ്രതികളെയും വെറുതെവിട്ടു. മസ്ജിദ് തകർത്തത് മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടല്ലെന്നും ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും സിബിഐ പ്രത്യേക കോടതി ജഡ്ജി എസ്‌കെ യാദവ് വിധിച്ചു. കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. മസ്ജിദ് തകർത്തത് സമൂഹ വിരുദ്ധരാണ്. ഇവരെ തടയാനാണ് ബിജെപി നേതാക്കൾ ശ്രമിച്ചതെന്നും കോടതി പറഞ്ഞു. പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ആസൂത്രിതമല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. പള്ളി തകർത്തതിന്റെ ദൃശ്യങ്ങളുടെ ആധികാരികത തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു. എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ് തുടങ്ങിയ ബിജെപി നേതാക്കളായിരുന്നു പ്രതികൾ. 32ൽ 26 പേരും കോടതിയിൽ ഹാജരായിരുന്നു. മുരളി മനോഹർ ജോഷി, എൽ കെ അദ്വാനി, ഉമാഭാരതി, കല്യാൺസിങ്, മഹന്ത് നിത് ഗോപാൽ ദാസ് തുടങ്ങി അഞ്ച് പേർ അനാരോഗ്യം മൂലം എത്താൻ കഴിയില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. മൊത്തം 48 പ്രതികളിൽ 16 പേർ വിചാരണക്കാലയളവിൽ മരിച്ചു.

Exit mobile version