ചെറുകിട സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ചെറുകിട സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുക്കപ്പെട്ട ബ്ളോക്കുകളില്‍ പരവാധി സംരംഭങ്ങള്‍ തുടങ്ങും. കുടുംബശ്രീയുടെ സംരംഭ പദ്ധതിയും ചെറുകിട സൂക്ഷ്മ സംരംഭ പദ്ധതികളും ഇത്തരം ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംരംഭകര്‍ക്ക് കെ. എഫ്. സി വായ്പാ അനുമതി പത്രം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പ്രളയബാധിതമായ 14 ബ്ളോക്കുകളില്‍ കാര്‍ഷികേതര മേഖലയില്‍ 16800 പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. ഇതിനുള്ള മൂലധനം കുറഞ്ഞ പലിശയ്ക്ക് ബ്ളോക്ക്തല സമിതികള്‍ ലഭ്യമാക്കും. ഇതിനായി 70 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. പരമാവധി രണ്ടരലക്ഷം രൂപ വായ്പ നല്‍കുന്ന 3000 വ്യക്തിഗത പദ്ധതികളും പത്തു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന 2000 സംഘ പദ്ധതികളും ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 10000 പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. സൂക്ഷ്മ ഇടത്തരം ചെറുകിട മേഖലയില്‍ 2550 സംരംഭങ്ങള്‍ക്ക് അംഗീകാരം ലഭ്യമാക്കി. 201620 ല്‍ ഈ മേഖലയില്‍ 5231 കോടി രൂപയുടെ മൊത്തനിക്ഷേപം ഉണ്ടായി. 1,54,341 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനായി.പ്രതിവര്‍ഷം 1000 പുതിയ സംരംഭങ്ങള്‍ എന്ന നിലയില്‍ അഞ്ചു വര്‍ഷം കൊണ്ട് 5000 പുതിയ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നതാണ് കെഎഫ്‌സിയുടെ വായ്പാ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓരോ പദ്ധതിക്കും 90 ശതമാനം വരെ വായ്പ കെഎഫ്‌സി നല്‍കും. മൂന്ന് ശതമാനം സര്‍ക്കാര്‍ സബ്സിഡിയോടെയാണ് വായ്പ നല്‍കുന്നത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവര്‍ക്ക് നോര്‍ക്കയുമായി സഹകരിച്ച് മൂന്ന് ശതമാനം അധിക സബ്സിഡി സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. 355 സംരംഭകര്‍ക്കാണ് തുടക്കത്തില്‍ വായ്പ അനുമതി പത്രം നല്‍കുന്നത്. 1300 അപേക്ഷയില്‍ നിന്ന് യോഗ്യരെ കണ്ടെത്തി പരിശീലനവും മാര്‍ഗനിര്‍ദ്ദേശവും നല്‍കിയാണ് വായ്പ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version