കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം വര്‍ധിക്കുന്നു; പിഴ ഉയര്‍ത്തേണ്ടി വരും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക് ധരിക്കാത്തവര്‍ക്ക് എതിരെ പിഴ വര്‍ധിപ്പിക്കേണ്ടി വരുമെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമാവുകയും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത സംഭവങ്ങള്‍ ദിനംപ്രതി ഉയരുകയാണ്.

മാസ്‌ക് ധരിക്കാത്ത 5000 ത്തിന് മുകളില്‍ സംഭവങ്ങളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് 5939 മാസ്‌ക് ധരിക്കാത്ത സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 6635 മാസ്‌ക് ധരിക്കാത്ത സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് ക്വാറന്റൈന്‍ ലംഘിച്ചതിന് ആറുകേസുകളും രജിസ്റ്റര്‍ ചെയ്തു.

കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തല്‍ കടകളില്‍ സാമൂഹിക അകലം നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. തിരക്ക് കൂടിയാല്‍ കടയുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടയുടെ വിസ്തീര്‍ണം അനുസരിച്ച് ഒരേ സമയം എത്രപേര്‍ക്ക് കടക്കാം എന്ന് നിശ്ചയിക്കണം. കടയില്‍ എത്തുന്നവര്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അധികം ആളുണ്ടായാല്‍ അവര്‍ പുറത്ത് നിശ്ചിത അകലം പാലിച്ച് നില്‍ക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിവാഹത്തിന് അന്‍പത് പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. സംസ്‌കാര ചടങ്ങുകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാമെന്നാണ് തീരുമാനിച്ചിരുന്നത്. ഇത് അതേ രീതിയില്‍ നടപ്പാക്കണം. ഇതിലും മാറ്റം വരുന്നുണ്ട്. അത് സമ്മതിക്കാനാകില്ല. ആള്‍ക്കൂട്ടം പല തരത്തില്‍ പ്രയാസമുണ്ടാക്കുന്നുണ്ട്. രോഗവ്യാപനത്തിന് അത് കാരണമാകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version