സ്വന്തമായി ഭൂമിയും കൂരയുമില്ലാത്ത 20 കുടുംബങ്ങൾക്ക് സ്വന്തം ഭൂമി വീതിച്ച് നൽകി അബ്ദുസമദ്; മെറ്റലും സിമന്റും ചെങ്കല്ലും നൽകി നാട്ടുകാരും; അറിയണം ഈ നാടിന്റെ നന്മ

വേങ്ങര: സുരക്ഷിതമായി തലചായ്ക്കാൻ സ്വന്തമായി ഒരു തുണ്ട് ഭൂമിയോ അടച്ചുറപ്പുള്ള വീടോ ഇല്ലാതെ കഷ്ടപ്പെടുന്ന തന്റെ നാട്ടിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വന്തം ഭൂമി വീടുവെയ്ക്കാനായി വിട്ടുനൽകി മലപ്പുറം വേങ്ങരയ്ക്ക് സമീപം ചേറൂർ മുതുവിൽ കുണ്ടിലെ കോട്ടുക്കാരൻ അബ്ദുസമദ് എന്ന അബ്ദുപ്പ (52). 20 കുടുംബങ്ങളുടെ ദീർഘനാളായുള്ള സ്വപ്‌നമാണ് അബ്ദുപ്പ യാഥാർത്ഥ്യമാക്കുന്നത്.

ഇന്നലെയാണ് ഓരോ കുടുംബത്തിനുമുള്ള മൂന്ന് സെന്റ് ഭൂമി വഴിയടക്കം അളന്ന് നൽകിയത്. ഈ സന്തോഷത്തിന്റെ ഭാഗമാകാൻ, കൊവിഡ് പ്രതിസന്ധികൾക്കിടയിലും ഒരു ഗ്രാമം മുഴുവൻ കണ്ണമംഗലം ചേറൂർ മഞ്ഞേങ്ങരയിൽ എത്തിയിരുന്നു. വീടു വയ്ക്കാൻ തന്റെ ഭൂമിയിലെ കണ്ണായ 61 സെന്റ് സ്ഥലമാണ് അബ്ദുപ്പ വിട്ടുനൽകിയിരിക്കുന്നത്. ഊരകം മലയുടെ അടിവാരത്ത് മഞ്ഞേങ്ങരയിലുള്ള 61 സെന്റ് ഭൂമിയാണ് 20 കുടുംബങ്ങൾക്ക് തുല്യമായി വീതിച്ചു നൽകി. ഇതുകൂടാതെ ഈ സ്ഥലത്ത് വീടുവെയ്ക്കാനാവശ്യമായ സിമന്റും മെറ്റലും ചെങ്കല്ലും സൗജന്യമായി നൽകുമെന്ന് നാട്ടുകാർ ഓരോരുത്തരായി അറിയിച്ചതോടെ 20 കുടുംബങ്ങൾക്കും സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായി തീരുകയായിരുന്നു. മുഴുവൻ വീടുകളുടെയും വാർപ്പിനാവശ്യമായ സിമന്റ് കെപി സബാഹ്, 20 ലോഡ് മെറ്റൽ സഫ ക്രഷർ ഉടമ, 20 ലോഡ് ചെങ്കല്ല് ചുക്കൻ കുഞ്ഞു എന്നിവർ സൗജന്യമായി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നേരത്തെ, അറിയിപ്പ് നൽകി അപേക്ഷ സ്വീകരിച്ച് ജനമൈത്രി പോലീസ് ഉൾപ്പെട്ട സംഘത്തിന്റെ പരിശോധനയ്ക്കു ശേഷമാണ് സൗജന്യ ഭൂമിക്ക് അർഹരായ 20 കുടുംബങ്ങളെ കണ്ടെത്തിയത്. ഓരോരുത്തരുടെയും പ്ലോട്ടുകൾ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങ് പാണക്കാട് ഹാഷിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പൂക്കുത്ത് മുജീബ് അധ്യക്ഷത വഹിച്ചു.

മഹല്ല് പ്രസിഡന്റ് മമ്മുക്കുട്ടി മൗലവി, എൻമുഹമ്മദ് റഫീഖ്, എം.പി.അബൂബക്കർ, കെ.നയീം, യു.എം.ഹംസ, യു.സക്കീന, കെ.പി.സബാഹ്, കെ.കെ.ഹംസ എന്നിവർ പ്രസംഗിച്ചു.

Exit mobile version