‘തന്നെ ആവശ്യമില്ലാത്തിടത്ത് നിൽക്കേണ്ടതില്ലല്ലോ’; ബെന്നി ബെഹ്‌നാന് പിന്നാലെ രാജി വെച്ച് കെ മുരളീധരൻ; തീരുമാനം കെപിസിസിയെ അറിയിക്കാതെ

തിരുവനന്തപുരം: കെപിസിസി പ്രചരണ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച് ഒഴിഞ്ഞ് വടകര എംപി കെ മുരളീധരൻ. ബെന്നി ബെഹ്‌നാൻ യുഡിഎഫ് കൺവീനർ യുഡിഎഫ് ഒഴിഞ്ഞതിന് പിന്നാലെയാണ് മുരളീധരന്റെ രാജി. രാജിക്കത്ത് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് നൽകിയെന്ന് മുരളീധരൻ പറഞ്ഞു. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി കാരണമാണ് മുരളീധരന്റെ രാജിയെന്നാണ് സൂചന. കെപിസിസി സംസ്ഥാന അധ്യക്ഷനെ അറിയിക്കാതെയാണ് രാജി.

കേരളത്തിലെ സംസ്ഥാന സെക്രട്ടറിമാരെ തെരഞ്ഞെടുത്തതിലടക്കം തന്റെ അഭിപ്രായം തേടിയില്ല. തന്നെ ആവശ്യമില്ലാത്തിടത്ത് നിൽക്കേണ്ടതില്ലല്ലോ എന്നുമാണ് കെ മുരളീധരന്റെ പ്രതികരണം. യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുന്നുവെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബെഹ്‌നാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുരളീധരന്റെയും പിന്മാറ്റം. ദേശീയ നേതൃത്വത്തിന് ഇന്ന് തന്നെ രാജിക്കത്ത് നൽകുമെന്ന് ബെന്നി ബെഹ്‌നാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ദേശീയ നേതൃത്വത്തിന്റെ പാക്കേജിന്റെ ഭാഗമായിട്ടാണ് രാജി. യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടില്ല. ഉമ്മൻചാണ്ടി ആവശ്യപ്പെട്ടിരുന്നുവെങ്കിൽ നേരത്തെ ഒഴിയുമായിരുന്നു. പുകമറ ഉണ്ടാക്കാൻ ശ്രമിച്ചത് പാർട്ടിയ്ക്ക് ഉള്ളിൽ നിന്ന് ആണെന്ന് കരുതുന്നില്ലെന്നും ബെന്നി പറഞ്ഞു.

Exit mobile version