ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള യൂട്യൂബ് വിഡിയോകള്‍ പോസ്റ്റ് ചെയ്തയാളെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. ഭാഗ്യലക്ഷ്മിയെ കൂടാതെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

യൂട്യൂബ് ചാനല്‍ നടത്തുന്ന വെള്ളായണി സ്വദേശി വിജയ് പി.നായരുടെ പരാതിയിന്മേലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. തമ്പാനൂര്‍ പോലീസാണ് കേസെടുത്തത്. അതിക്രമിച്ചെത്തിയ ഇവര്‍ ഉപദ്രവിച്ചുവെന്ന് വിജയ് പി. നായര്‍ പരാതിയില്‍ പറയുന്നു.

വീടു കയറി അക്രമിച്ചു, മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്നും പരാതിയില്‍ പറയുന്നു. ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീകള്‍ക്കെതിരെ മോശം പരാര്‍ശം നടത്തിയ വിജയ് പി.നായരെ ഇയാള്‍ താമസിക്കുന്ന സ്റ്റാച്യൂ ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തിയാണ് സംഘം നേരിട്ടത്.

സോഷ്യല്‍മീഡിയയിലൂടെ ലൈവായി വിഡിയോ കാണിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. വിജയിനെക്കൊണ്ടു പരസ്യമായി മാപ്പു പറയിപ്പിച്ച ശേഷമാണു സംഘം മടങ്ങിയത്. ഇയാള്‍ക്കെതിരെ സിറ്റി പൊലീസ് കകമ്മിഷണര്‍ക്കടക്കം പല തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് നേരിട്ട് ഇറങ്ങിയതെന്നും നിയമസംവിധാനത്തിന്റെ പരാജയമാണ് ഇതെന്നും മൂവരും വ്യക്തമാക്കിയിരുന്നു.

Exit mobile version