ഫ്‌ളാറ്റിന്റെ മേല്‍ക്കൂരയിലേക്ക് വീണ് കുഞ്ഞ്; ശ്വാസം നിശ്ചലമാക്കുന്ന രക്ഷാപ്രവര്‍ത്തനം; കൈയ്യടി

ചെന്നൈ: ഫ്‌ളാറ്റിന്റെ മേല്‍ക്കൂരയില്‍ ഏതുനിമിഷവും താഴേയ്ക്ക് വീഴാവുന്ന വിധത്തില്‍ കിടന്ന പിഞ്ചുകുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തി. ശ്വാസം നിശ്ചലമാക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

ചെന്നൈ ആവടിയിലാണ് സംഭവം നടന്നത്. മുകള്‍ നിലയില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ താഴേക്കുവീണ രണ്ടുവയസ്സുള്ള കുഞ്ഞ് ഫ്‌ലാറ്റുകള്‍ക്കിടയിലെ റൂഫിങ് ഷീറ്റില്‍ തങ്ങിനില്‍ക്കുകയായിരുന്നു. അപകടകരമായ നിലയില്‍ ഷീറ്റില്‍ തങ്ങിനില്‍ക്കുന്ന കുഞ്ഞിനെ പരിസരവാസികളാണ് ആദ്യം കണ്ടത്.

ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ആദ്യം എന്തുചെയ്യണമെന്ന് അറിയാതെ അമ്പരപ്പിലായെങ്കിലും പിന്നീട് സാഹചര്യം മനസ്സിലാക്കി പരിസരവാസികള്‍ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

കുഞ്ഞ് തങ്ങിക്കിടക്കുന്നതിന്റെ തൊട്ടുതാഴെയുള്ള ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ഭിത്തിയില്‍ ചവിട്ടിക്കയറി, കുഞ്ഞിനെ കൈയ്യെത്തിപ്പിടിച്ച് സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇതിനിടെ കുട്ടി താഴേയ്ക്കു വീഴുകയാണെങ്കില്‍ കുഞ്ഞിനെ രക്ഷിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ആളുകള്‍ ഒരുക്കിയിരുന്നു.

Exit mobile version