കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ യുവാവിന്റെയും ഏഴ് വയസ്സുകാരനായ മകന്റെയും മൃതദേഹം കണ്ടെത്തി

തിരൂരങ്ങാടി: കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ യുവാവിന്റെയും ഏഴ് വയസ്സുകാരനായ മകന്റെയും മൃതദേഹം കണ്ടെത്തി. കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ അലവിയുടെ മകന്‍ ഇസ്മായില്‍ (36) മകന്‍ മുഹമ്മദ് ഷെമില്‍ (ഏഴ് ) എന്നിവരുടെ മൃതദേഹമാണ് കക്കാട് മഞ്ഞാംകുഴി ഭാഗത്ത് നിന്ന് കണ്ടെത്തിയത്. തിരൂര്‍ മലപ്പുറം ഫയര്‍ഫോഴ്‌സ് യൂനിറ്റും ട്രോമാ കെയര്‍ പ്രവര്‍ത്തകരും വിവിധ സംഘടനകളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മകന്‍ ഷെമിലിന്റെ മൃതദേഹം ഉച്ചക്ക് രണ്ട് മണിക്കും പിതാവ് ഇസ്മായിലിന്റ മൃതദേഹം 4.30ഓടെയുമാണ് കണ്ടെത്തിയത്.

ഇന്നലെയാണ് ഇസ്മായിലിനെയും മുഹമ്മദ് ഷെമിലിനെയും ഒഴുക്കില്‍ പെട്ട് കാണാതായത്. പുഴ കാണണമെന്ന് ആഗ്രഹമറിയിച്ച രണ്ട് മക്കളെയും കൊണ്ട് ഇസ്മയില്‍ പുഴ കാണിക്കാന്‍ കൊണ്ടുപോയപ്പോഴായിരുന്നു അപകടം. വെള്ളിയാഴ്ച രാവിലെ 11.30 നാണ് സംഭവം. ഇസ്മായില്‍ കക്കാട് ബാക്കിക്കയം ഭാഗത്ത് പുതിയ വീട് വെച്ചിരുന്നു. ഇവിടെക്ക് താമസം മാറിയിട്ട് പതിനെട്ട് ദിവസം മാത്രമായിട്ടുള്ളു. പുതിയ വീട്ടില്‍ എത്തിയത് മുതല്‍ തന്നെ കുട്ടികള്‍ പുഴയില്‍ കുളിക്കാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു.

എന്നാല്‍ ഇസ്മായില്‍ സമ്മതിച്ചിരുന്നില്ല. വെള്ളിയാഴ്ച കുളിക്കാന്‍ പോയ അയല്‍വാസിയായ കുട്ടിയോടൊപ്പം ഇവരും പുഴകാണാന്‍ പോകുകയായിരുന്നു. ആദ്യം മുഹമ്മദ് ,ഷെമില്‍ പുഴക്കടവിലേക്ക് ഇറങ്ങുന്നതിനിടെ കാല്‍ തെറ്റി വീണു. കുട്ടിയെ തിരയുന്നതിനിടെ പിതാവ് ഇസ്മായിലും അപകടത്തില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുവായ പെണ്‍കുട്ടി വിവരമറിയിച്ചതോടെയാണ് നാട്ടുകാരറിയുന്നത്. കൂടെ ഉണ്ടായിരുന്ന മകന്‍ ശാനിബിനെ (ഒമ്പത്) അയല്‍വാസി രക്ഷപ്പെടുത്തി. അബൂദാബിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇസ്മായില്‍.

Exit mobile version