പാലത്തിന്റെ വിടവിലൂടെ വിദ്യാര്‍ത്ഥി കടലുണ്ടി പുഴയില്‍ വീണു; ഒടുവില്‍ അത്ഭുതകരമായ രക്ഷപ്പെടല്‍, തുണച്ചത് ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടപെടല്‍

പഴയ പാലത്തിലൂടെ നടക്കുകയായിരുന്നു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ടു പേര്‍.

മലപ്പുറം: പാലത്തിങ്ങലിലെ പഴയ പാലത്തിലെ സ്ലാബിന്റെ വിടവിലൂടെ കടലുണ്ടിപ്പുഴയില്‍ വീണ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് അത്ഭുത രക്ഷപ്പെടല്‍. ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ ഇതരസംസ്ഥാന തൊഴിലാളികള്‍ വലിച്ചു കയറ്റുകയായിരുന്നു. പതിവില്ലാത്ത ഒഴുക്കായിരുന്നു പുഴയ്ക്ക്. എങ്കില്‍ പോലും പുഴയുടെ തീരത്തേയ്ക്ക് നീന്തുവാന്‍ വിദ്യാര്‍ത്ഥി ശ്രമം നടത്തി.

തുടര്‍ന്ന് പുതിയ പാലത്തിന്റെ പണിക്ക് വന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ വിദ്യാര്‍ത്ഥിയെ കരയ്ക്ക് പിടിച്ചു കയറ്റുകയായിരുന്നു. പഴയ പാലത്തിലൂടെ നടക്കുകയായിരുന്നു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ടു പേര്‍. കാലപ്പഴക്കം കൊണ്ട് പാലത്തിന്റെ നടപ്പാതയിലെ സ്ലാബിന് വിടവുണ്ട്. തുടര്‍ന്ന് ആദ്യം നടന്ന വിദ്യാര്‍ത്ഥി അതിലൂടെ പുഴയിലേയ്ക്ക് വീഴുകയായിരുന്നു. പുഴയില്‍ പാറയുള്ള ഭാഗത്തേയ്ക്കാണ് വീണത്. ഏതാനും ദിവസം മുന്‍പു വരെ അവിടെ വെള്ളമുണ്ടായിരുന്നില്ല.

മഴ പെയ്ത് വെള്ളം കയറിയിരുന്നതിനാല്‍ പാറയിലടിച്ച് ഉണ്ടാകാമായിരുന്ന വലിയ അപകടം ഒഴിവാകുകയായിരുന്നു. കൊല്‍ക്കത്ത സ്വദേശികളായ ഉമിത് ചന്ദ്, കാജല്‍ മണ്ഡല്‍ എന്നിവര്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ കരയ്‌ക്കെത്തിച്ചത്. സാരമായി പരിക്കുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സംഭവത്തിനു ശേഷം ന്യൂ ചാലഞ്ച് ക്ലബ് പ്രവര്‍ത്തര്‍ പുതിയ സ്ലാബിട്ട് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു.

Exit mobile version