ഡോക്ടറുടെ അടുത്തേക്ക് അച്ഛന്‍ നടന്നാണ് പോയത്, പേരും വയസും വിലാസവും പറയുന്നതിനിടയില്‍ പുറകിലേക്ക് ചാഞ്ഞു, ഒടുവില്‍ ഞങ്ങളെ പറ്റിച്ച് കടന്നുകളഞ്ഞു; അച്ഛന്റെ ഓര്‍മ്മകളില്‍ വേദനയോടെ മകന്‍, കുറിപ്പ്

തൃശ്ശൂര്‍: അച്ഛന്റെ ഓര്‍മ്മകള്‍ നെഞ്ചോട് ചേര്‍ത്ത് മാധ്യമപ്രവര്‍ത്തകന്‍ തനേഷ് തമ്പി. അച്ഛന്റെ ശൂന്യത നിറഞ്ഞുനില്‍ക്കുന്ന 10 ദിവസങ്ങള്‍ തന്റെ ഹൃദയത്തിലേല്‍പ്പിച്ച വേദനയെ തനേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.എങ്ങിനെയാണ് ഓരോ ദിവസവും അതിജീവിക്കുന്നതെന്ന് അറിയില്ലെന്ന് തനേഷ് പറയുന്നു.

ജീവിതത്തില്‍ ഒരിക്കലെങ്കിലും നഷ്ടപ്പെടുമെന്നു കരുതിയിട്ടില്ലാത്ത ഒരാളാണല്ലോ ഒന്നും പറയാതെ പോയത്. ഒരായുസു മുഴുവനെടുത്താലും ഉള്‍ക്കൊള്ളാനാവാത്ത സത്യമായി അതിങ്ങനെ നെഞ്ചില്‍ നീറുമെന്നും തനേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

ശൂന്യതയുടെ പത്തുദിവസങ്ങളാണ് പിന്നിടുന്നത്. അറിയില്ല, എങ്ങിനെയാണ് ഓരോ ദിവസവും അതിജീവിക്കുന്നതെന്ന്. ജീവിതത്തില്‍ ഒരിക്കലെങ്കിലും നഷ്ടപ്പെടുമെന്നു കരുതിയിട്ടില്ലാത്ത ഒരാളാണല്ലോ ഒന്നും പറയാതെ പോയത്. ഒരായുസു മുഴുവനെടുത്താലും ഉള്‍ക്കൊള്ളാനാവാത്ത സത്യമായി അതിങ്ങനെ നെഞ്ചില്‍ നീറും.

ഡാഡിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ബിപിയെ നേരിടാന്‍ എന്നും നടക്കാന്‍ പോകും. ഭക്ഷണത്തിലും ചെറിയ ക്രമീകരണങ്ങള്‍. ചെറുപ്പം മുതലേ കൂടെയുള്ള സിഗരറ്റ് വലി ഉപേക്ഷിച്ചിരുന്നില്ല. വൈകിട്ട് രണ്ടോ മൂന്നോ പെഗും പതിവാണ്. കുറച്ചുദിവസമായി വലിയ സന്തോഷത്തിലായിരുന്നു. വീടിന് പുറകില്‍ വാടകയ്ക്ക് നല്‍കാന്‍ പണിത വീട്ടില്‍ ആളുകളെത്തി. ആദ്യത്തെ വാടക കൈപ്പറ്റി. ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ അറ്റകുറ്റപ്പണി നടത്താന്‍ സഹകരണ സ്ഥാപനത്തില്‍ നിന്നും ഒരു വായ്പ ഉറപ്പാക്കി. അതിനുവേണ്ടി കടലാസുകള്‍ ശരിയാക്കാന്‍ വില്ലേജ് ഓഫീസിലൊക്കെ പോയാണ് വീട്ടിലെത്തിയത്.

വൈകിട്ട് വീടിനു മുന്നില്‍ നിന്ന് റോഡിലൂടെ പോയ പരിചയക്കാരോടൊക്കെ വര്‍ത്തമാനം പറഞ്ഞ്, ആരെയൊക്കെയോ ഫോണ്‍ ചെയ്തു വിശേഷങ്ങള്‍ തിരക്കിയും പറഞ്ഞും ഫേസ് ബുക്കില്‍ കയറി അറിയാവുന്നതും അറിയാത്തതുമായ പോസ്റ്റുകള്‍ക്കെല്ലാം ലൈക്കും കൊടുത്താണ് കിടന്നത്. വളരെ സജീവമായ ഒരു പകലിനൊടുവില്‍.

വൈകിട്ട് മുതല്‍ ചെറിയ അസ്വസ്ഥത ഉണ്ടായിരുന്നത്രേ, ഗ്യാസ് ആണെന്നാണ് വിശ്വസിച്ചത്. വിട്ടുമാറാതായപ്പോള്‍ പുലര്‍ച്ചെ ഒരുമണിയോടെ ഉറക്കംവിട്ടെണീറ്റു. അയല്‍വീട്ടില്‍ നിന്നും വണ്ടി വിളിച്ചു. കോപ്പറേറ്റീവ് ആശുപത്രിയിലേക്ക് ഇറങ്ങി. ഒപ്പം ചെല്ലാനിറങ്ങിയ അമ്മയെ, ഒരിഞ്ചക്ഷനെടുത്ത് ഇപ്പോ വരാം, കാലു വയ്യാതിരിക്കുമ്പോള്‍ വരേണ്ടെന്നു വിലക്കി.

കാറില്‍ നിന്നിറങ്ങി ഡോക്ടറുടെ അടുത്തേക്ക് നടന്നാണ് പോയത്. പേരും വയസും വിലാസവും പറയുന്നതിനിടയില്‍ പുറകിലേക്ക് ചാഞ്ഞു. കൂടെയുണ്ടായിരുന്ന Aji Velikkalയുടെ കൈയില്‍ കിടന്ന് ഞങ്ങളെ പറ്റിച്ചുകടന്നുകളഞ്ഞു. മരിക്കാന്‍ പോവുകയാണെന്നു പോലും ചിന്തിക്കാന്‍ കഴിയുന്നതിനു മുന്‍പേ..

മകനെ പോലെ തന്നെയായിരുന്നു അജിയും. അവനാണ് രണ്ടേമുക്കലോടെ വിളിച്ചുപറഞ്ഞത്. അങ്കിളിന് സീരിയസാണ്. അപകടം മണത്തപ്പോള്‍ Manoj Hillariousനെ വിളിച്ചു. ഉടന്‍ തന്നെ Nidhinkanichery Rasheed ആശുപത്രിലെയിലെത്തി, മൂന്നു മണിയോടെ ആ സത്യം എന്നോട് പറഞ്ഞു.

പിന്നെ നടന്നതൊന്നും ഞാനറിഞ്ഞില്ല. ഒന്നും മനസിലാക്കാന്‍ പറ്റുന്ന അവസ്ഥയിലും അല്ലായിരുന്നു. അജി, മനോജ്, നിതിനേട്ടന്‍, Shiji Mathur. അവരാണ എല്ലാം ചെയ്തത്. ആശുപത്രിയില്‍ നിന്ന് മോര്‍ച്ചറിയിലേക്ക് മാറ്റിയത്. അളിയനെ വിളിച്ചറിയിച്ചത്. എന്നോട് കാര്‍ ഒറ്റക്ക് ഓടിച്ചു വരേണ്ടെന്ന് ചട്ടം കെട്ടിയത്. എല്ലാം. പാലക്കാട് യാത്രക്കിടയില്‍ ബന്ധുക്കള്‍, പാര്‍ട്ടിക്കാര്‍, കൂടെ ജോലി ചെയ്തവര്‍, സുഹൃത്തുക്കള്‍ എന്നിങ്ങനെ അറിയാവുന്നവരെയെല്ലാം വിവരം അറിയിച്ചു. ചങ്കുപൊട്ടുന്ന വേദനക്കിടയിലും വേണ്ട മാര്‍ഗനിര്‍ദേശങ്ങളുമായി അളിയന്‍ Boby Parayil ഫോണിന്റെ മറുതലയ്ക്കല്‍.

Rajesh പത്തുമണിയാകുമ്പോഴേക്കും എന്നെ ഡാഡിക്കരുകില്‍ എത്തിച്ചു. മോര്‍ച്ചറിയിലെ ഫ്രീസറില്‍ നിന്ന് ഒന്നേ നോക്കിയുള്ളൂ. എപ്പോഴത്തേയും പോലെ സുന്ദരനായി. പ്രസന്നനായി. ലുങ്കിയൊക്കെ ഉടുത്ത്. മുടിയൊക്കെ ചീകിയൊതുക്കി. ചുണ്ടില്‍ ചെറിയ ചിരിയൊളിപ്പിച്ച്. നല്ല ഉറക്കത്തിലെന്ന പോലെ.

ഒരു നിലവിളിയൊച്ചയില്‍ എല്ലാം ഒതുക്കുകയായിരുന്നു. ആഗ്രഹിച്ച പോലെ ഒരു യാത്രയയപ്പ് നല്‍കാന്‍.

ജീവിതത്തില്‍ ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കി വെച്ചിട്ടാണ് പോയത്. ഇഷ്ടമുള്ളവര്‍ക്കിടയില്‍ ആഘോഷിച്ച് ജീവിക്കാനുള്ള ആഗ്രഹമായിരുന്നു ഏറ്റവും വലുത്. എന്റെ കൂട്ടുകാര്‍ക്കെല്ലാം കൂട്ടുകാരനായിരുന്നു. ചെറുപ്പം മുതലേ എന്റേയും. മകനെ അവന്റെ വഴിക്ക് വിടാന്‍ ധൈര്യം കാണിച്ച അപ്പന്‍. ഇണങ്ങാനും പിണങ്ങാനും തോളില്‍ കൈയിട്ട് സിനിമക്ക് പോകാനും അമ്മ കാണാതെ ചിയേഴ്‌സ് പറയാനുമൊക്കെ കഴിയുന്ന ആള്‍. നന്നായി പൊട്ടിച്ചിരിക്കാനും അതുപോലെ കരയാനും മടിയില്ലാത്ത പച്ചമനുഷ്യന്‍. എല്ലാവര്‍ക്കും പറയാന്‍ എന്തെങ്കിലുമൊക്കെ അവശേഷിപ്പിച്ചിട്ടാണ് പോയിരിക്കുന്നത്.

അല്ലെങ്കിലും നീ അമ്മയെ മാത്രമല്ലേ വിളിക്കൂ എന്ന പരിഭവവുമായി, നീയെന്നാ വീട്ടിലേക്ക് വരുന്നേ എന്ന ചോദ്യവുമായി, ക്ലബിലായിരിക്കും അല്ലേ എന്ന കുസൃതി വര്‍ത്തമാനവുമായി, ഇനി തിരുവനന്തപുരത്ത് വരുമ്പോള്‍ നിന്റെ കൂട്ടുകാര്‍ക്കൊപ്പം ഒന്നു കൂടണമെന്ന ആഗ്രഹവുമായി, നിഷയെ വിളിച്ചില്ലെന്ന് അവള്‍ പരാതി പറഞ്ഞല്ലോ എന്ന ശാസനയുമായി, ആ ലൈവ് ശരിയായില്ലല്ലോ എന്ന സങ്കടവുമായി, പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ഇട്ടേക്കണം, സൂക്ഷിക്കണം എന്ന ആവര്‍ത്തിച്ചുുള്ള കരുതലായി. അവര് വിളിച്ചോ, ഇവര് വിളിച്ചോ, അവരെന്തുപറഞ്ഞു, ഇവരെന്തു പറഞ്ഞു എന്നിങ്ങനെ എന്റെ ചെവിക്കു ചുറ്റും അപ്പോള്‍ മുതല്‍ ഇപ്പോഴും ഇപ്പോഴും പാറപ്പുറത്ത് ചിരട്ടയിട്ടുരക്കുന്ന പോലെയെന്ന് കളിയാക്കിയിരുന്ന ആ ശബ്ദം മുഴങ്ങുകയാണ്.

ആ ശബ്ദത്തില്‍ നിന്ന് ഒരു മോചനമില്ല, ഈ കണ്ണീരില്‍ നിന്നും

കൂടെ ചേര്‍ത്തുപിടിച്ചവര്‍ക്കെല്ലാം നന്ദി.

Exit mobile version