ആംബുലന്‍സ് കിട്ടിയില്ല, ചികിത്സ വൈകി അമ്മൂമ്മ മരിച്ചു; ദുരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാന്‍ സ്വന്തമായി ആംബുലന്‍ വാങ്ങി കൊച്ചുമകന്‍, സൗജന്യ സേവനം

ചുനക്കര: ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് കിട്ടാതെ വന്നതോടെ ചികിത്സ വൈകി അമ്മൂമ്മ മരിച്ച സംഭവം കൊച്ചുമകന്‍ ഷൈജു ഷാജിയെ ഒരുപാട് തളര്‍ത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെ മറ്റാര്‍ക്കും ഈ ദുരനുഭവം ഉണ്ടാവാതിരിക്കാന്‍ തന്നാല്‍ കഴിയും പോലെ സഹായം ചെയ്യാന്‍ സ്വന്തമായി ഒരു ആംബുലന്‍സ് തന്നെ ഷൈജു വാങ്ങി.

ഒരാഴ്ച മുന്‍പാണ് ചുനക്കര തടത്തിവിളയില്‍ പാരിഷബീവിക്കു (95) നെഞ്ചുവേദന വന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകാനായി ആംബുലന്‍സ് അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. സമീപത്തെ ആശുപത്രികളില്‍ ആംബുലന്‍സിനായി വിളിച്ചപ്പോള്‍ ഡ്രൈവര്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.

നെഞ്ചുവേദന രൂക്ഷമായി പാരിഷബീവി തളര്‍ന്നുവീണതോടെ കാറിനുള്ളില്‍ കിടത്തിയാണ് നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും വൈകിപ്പോയിരുന്നു. പാരിഷബീവിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ നിന്നു വീട്ടിലേക്ക് മൃതദേഹം എത്തിക്കാനും ആംബുലന്‍സ് ലഭിച്ചില്ല.

ആശുപത്രിയിലെ ആംബുലന്‍സിന് ഡ്രൈവര്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആംബുലന്‍സ് ലഭിച്ചതും മൃതദേഹം വീട്ടിലെത്തിച്ചതും. ഈ സംഭവം പാരിഷബീവിയുടെ കൊച്ചുമകന്‍ ഷൈജുവിനെ വല്ലാതെ വിഷമത്തിലാക്കിയിരുന്നു.

തുടര്‍ന്നാണ് ബസ് ഉടമയുമായ ഷൈജു ഷാജി സ്വന്തമായി ആംബുലന്‍സ് വാങ്ങാന്‍ തീരുമാനിച്ചത്. ജീവിതത്തില്‍ നേരിട്ട ദുരനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് ഷൈജു ആഗ്രഹിച്ചു. കോഴിക്കോട് നിന്നാണ് ആംബുലന്‍സ് വാങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി ആംബുലന്‍സ് സേവനം നല്‍കുകയാണ് ലക്ഷ്യമെന്ന് ഷൈജു പറയുന്നു.

Exit mobile version